ഡോ. വന്ദന ദാസ് വധക്കേസില്‍ പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി തള്ളി ഹൈക്കോടതി. പോലീസിന്റെയും ആശുപത്രി അധികൃതരുടെയും വീഴ്ചയാണ് ഡോ.
വന്ദനയുടെ മരണത്തിന് കാരണമായതെന്നും അതിനാല്‍ തനിക്കെതിരേ കൊലപാതകക്കുറ്റം ചുമത്താനാകില്ലെന്നുള്ള പ്രതിയുടെ വാദമാണ് കോടതി തള്ളിയത്. കൊലപാതകക്കുറ്റം ചുമത്താനാകില്ലെന്നും അതിനാല്‍ കേസില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സന്ദീപ് നല്‍കിയ വിടുതല്‍ ഹർജി കൊല്ലം അഡീഷണല്‍ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് സന്ദീപ് ഹൈക്കോടതിയില്‍ റിവിഷൻ ഹർജി നല്‍കിയത്. ഇതാണ് ഇപ്പോള്‍ ഹൈക്കോടതിയും തള്ളിയിരിക്കുന്നത്.
മുട്ടുചിറ നമ്ബിച്ചിറക്കാലായില്‍ മോഹൻ ദാസിന്റെയും വസന്ത കുമാരിയുടെയും ഏക മകള്‍ ഡോ. വന്ദന 2023 മേയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കുത്തേറ്റു മരിച്ചത്. വൈദ്യ പരിശോധനയ്ക്ക് കൊണ്ടുവന്ന പ്രതി മദ്യലഹരിയില്‍ വന്ദനയെ ആക്രമിക്കുകയും കുത്തുകയുമായിരുന്നു.