യാത്രക്കാർക്ക് പ്രയാസം തീർത്ത് വീണ്ടും എയർഇന്ത്യ എക്സ്പ്രസിന്റെ റദ്ദാക്കല്‍. വ്യാഴാഴ്ച കോഴിക്കോടു നിന്നും കുവൈത്തിലേക്കും കുവൈത്തില്‍ നിന്ന് കോഴിക്കോട്ടേക്കുമുള്ള സർവിസുകള്‍ റദ്ദാക്കി.
അപ്രതീക്ഷിത റദ്ദാക്കല്‍ യാത്രക്കാരെ ദുരിതത്തിലാക്കി. അടുത്തിടെയായി വിമാനം വൈകല്‍ പതിവായിരുന്നെങ്കിലും റദ്ദാക്കിയിരുന്നില്ല. വ്യാഴാഴ്ചയിലെ സർവിസ് പൂർണമായും റദ്ദാക്കിയതില്‍ യാത്രക്കാരും പ്രതിഷേധത്തിലാണ്. വാരാന്ത്യമായതിനാല്‍ വ്യാഴാഴ്ച കുവൈത്തില്‍ നിന്ന് നിരവധി പേർ നാട്ടിലേക്ക് ടിക്കറ്റെടുത്തിരുന്നു. മറ്റ് അത്യാവശ്യ യാത്രക്കാരും ഉണ്ടായിരുന്നു.
വിമാനം റദ്ദാക്കിയത് ചുരുങ്ങിയ ദിവസങ്ങളില്‍ ലീവെടുത്ത് പോകുന്നവരുടെ ഒരു അവധി ദിവസവും നഷ്ടപ്പെടുത്തി. അത്യാവശ്യത്തിന് നാട്ടില്‍ എത്തേണ്ടവർ മറ്റു വിമാനങ്ങള്‍ക്ക് ടിക്കറ്റ് എടുത്ത് യാത്രതിരിച്ചു. എന്നാല്‍, കോഴിക്കോട്ടേക്ക് കുവൈത്തില്‍ നിന്ന് നേരിട്ട് മറ്റു സർവിസുകള്‍ ഇല്ലാത്തത് യാത്രക്കാരുടെ ദുരിതം കൂട്ടി. കണക്ഷൻ വിമാനത്തില്‍ മറ്റു രാജ്യങ്ങള്‍ വഴിയാണ് ചിലർ തിരിച്ചത്. ഇത് അധിക പണച്ചെലവും സമയനഷ്ടവും ഉണ്ടാക്കി. വെക്കേഷൻ സമയം ആയതിനാല്‍ ഉയർന്ന നിരക്കാണ് മറ്റു വിമാനങ്ങളില്‍. വ്യാഴാഴ്ചയിലെ യാത്രക്കാർ എയർഇന്ത്യ എകസ്പ്രസില്‍ വെള്ളിയാഴ്ച യാത്രക്ക് ഒരുങ്ങിയെങ്കിലും പലർക്കും സീറ്റ് കിട്ടിയില്ല. ശനിയാഴ്ച സർവിസ് ഇല്ലാത്തതിനാല്‍ ഞായറാഴ്ചയാണ് ചിലർക്ക് അവസരം കിട്ടിയത്. ഇതോടെ രണ്ടു ദിവസത്തെ ലീവ് റൂമില്‍ ഇരുന്ന് നഷ്ടപ്പെടും എന്ന സങ്കടത്തിലാണ് പലരും. വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിച്ചിരുന്നു. എന്നാല്‍, അതിനു മുമ്ബ് മിക്കവരും ലഗേജ് ഒരുക്കുകയും യാത്രക്ക് തയാറെടുക്കുകയും ചെയ്തിരുന്നു. സന്ദേശം ശ്രദ്ധിക്കാത്ത ചിലർ വിമാനത്താവളത്തില്‍ എത്തുകയുമുണ്ടായി.