ജെട്ടി പാലത്തിന് സമീപത്തുള്ള വിശാഖംതറ മാത്തച്ചന് അടുത്തിടെ പുതിയൊരു നാടന്‍ വള്ളം നിര്‍മിക്കാന്‍ ഓര്‍ഡര്‍ കിട്ടി.
അതും അങ്ങ് യൂറോപ്പില്‍ നിന്ന്. വള്ളം പണിയില്‍ കുട്ടനാട്ടുകാരുടെ ഇഷ്ടക്കാരനായ മാത്തച്ചന് ഇങ്ങനെ ഒരു ഓര്‍ഡര്‍ ലഭിച്ചതില്‍ ആര്‍ക്കും അത്ഭുതമില്ല. മാത്തച്ചന്റെ വള്ളങ്ങളുടെ മേന്മ അത്രത്തോളമുണ്ട്, അത് വിദേശത്തുമെത്തിയതിന്റെ ആഹ്ലാദത്തിലാണ് നാട്ടുകാര്‍.
കുമരകം നിവാസികളുടെ ജീവിതത്തിന്റെ അനിവാര്യ ഘടകമാണ് വള്ളങ്ങള്‍. കുമരകത്ത് ഒരു വള്ളമെങ്കിലും സ്വന്തമായി ഇല്ലാത്ത വീടുകള്‍ വിരളമാണ്. തടിയില്‍ നിര്‍മിക്കുന്ന വള്ളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് സാധരണമാണ്. അവയുടെ പണിക്കായി കഴിവുള്ള ആശാരിമാരെ കിട്ടാതായതോടെ പലരും വള്ളം ഉപേക്ഷിച്ചു. ആ സാധ്യത മുന്നില്‍ക്കണ്ടാണ് 67 കാരനായ മാത്തച്ചന്‍ 17 കൊല്ലം മുമ്ബ് വള്ളങ്ങള്‍ക്കായി ഒരു വര്‍ക്‌ഷോപ്പ് ആരംഭിച്ചത്.
തന്റെ മില്ലിനൊപ്പമാണ് വള്ളങ്ങളുടെ നിര്‍മാണവും നടത്തുന്നത്. തകരാറുള്ള വള്ളം ബോട്ടുജെട്ടിക്കു സമീപമുള്ള വള്ളക്കടവില്‍ എത്തിച്ചാല്‍മതി ബാക്കി കാര്യം മാത്തച്ചന്‍ നോക്കിക്കൊള്ളും. എത്ര വലിയ വള്ളമാണെങ്കിലും വള്ളപ്പുരയിലേക്ക് കയറ്റാന്‍ മാത്തച്ചന്‍ മാത്രം മതി. അതിനുള്ള സംവിധാനം മാത്തച്ചനുണ്ട്. ഏഴ് എച്ച്‌പി ഡീസല്‍ എന്‍ജിന്റെ സഹായത്തോടെ വിഞ്ച് പ്രവര്‍ത്തിപ്പിച്ചാണ് വള്ളം കയറ്റുന്നത്. വള്ളപ്പുരയില്‍ കയറ്റിയ വള്ളം ഉണങ്ങിക്കഴിഞ്ഞാല്‍ അതിന്റെ പണിക്കുവേണ്ട ആശാരിമാരും തടിയും മറ്റെല്ലാം സജ്ജമാണ്. മാത്തച്ചന്റെ പണിശാലയില്‍ വള്ളങ്ങളില്ലാത്ത ദിവസങ്ങളില്ല. ആവശ്യാനുസരണം പുതിയ വള്ളങ്ങളും പണിതു കൊടുക്കുന്നു.
ആഞ്ഞിലി, പ്ലാവ്, തമ്ബകം, തേക്ക് തുടങ്ങിയ തടികളാണ് വള്ളം പണിക്ക് ഉപയോഗിക്കുന്നത്. കഴിഞ്ഞ മാസമാണ് യൂറോപ്പില്‍ നിന്ന് വള്ളം നിര്‍മിക്കാനുള്ള കരാര്‍ ലഭിച്ചത്. 15 അടി നീളവും ഒരു മീറ്റര്‍ 10 സെന്റിമീറ്റര്‍ വീതിയുമുള്ള ആഞ്ഞിലിത്തടി വള്ളത്തിനാണ് ഓര്‍ഡര്‍ ലഭിച്ചത്. 50,000 രൂപയ്‌ക്കാണ് കരാര്‍ എടുത്തത്. മൂന്ന് ആശാരിമാര്‍ എട്ടു ദിവസങ്ങള്‍ക്കൊണ്ട് പണി ഏതാണ്ട് പൂര്‍ത്തിയാക്കി. ഒക്ടോബറില്‍ വള്ളം യൂറോപ്പിലേക്ക് കൊണ്ടുപോകും.