കൂടരഞ്ഞി ഉറുമി ചെറുകിട ജലവൈദ്യുതി പദ്ധതി പെൻ സ്റ്റോക്ക് തകർന്നിട്ട് ഒരു വർഷം പിന്നിടുമ്ബോഴും പുനഃസ്ഥാപിക്കാൻ നടപടിയായില്ല.
2023 ജൂലൈ നാലിനാണ് പെൻസ്റ്റോക്ക് പൈപ്പ് തകർന്നത്. പെൻസ്‌റ്റോക്ക് പൊട്ടി വെള്ളമൊഴുകി ജനറേറ്ററുകള്‍ തകരാറിലായിരുന്നു. ഇതോടെ, വൈദ്യുതി ഉല്‍പാദനവും നിലച്ചു. പെൻസ്റ്റോക്ക് നന്നാക്കാൻ ടെൻഡർ നടപടികള്‍ പോലും ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. 0.8 മെഗാ വാട്ടിന്റെ മൂന്ന് ജനറേറ്ററുകളാണ് പ്രവർത്തനരഹിതമായി കിടക്കുന്നത്.
കഴിഞ്ഞ വർഷവും ഈ മഴക്കാലവും വൈദ്യുതി ഉല്‍പാദിക്കാനാവാതെ വൻ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഉറുമി ഒന്നാം വൈദ്യുതി പദ്ധതിയിലും ജനറേറ്റർ കേടായിട്ട് ഒരു വർഷം കഴിഞ്ഞു. നിലവില്‍ 1.2 മെഗാ വാട്ടിന്റെ രണ്ട് ജനറേറ്റർ മാത്രമാണ് അവിടെ പ്രവർത്തിക്കുന്നത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ചയാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് പരാതിയുണ്ട്. കോടികള്‍ മുടക്കിയ പദ്ധതി നശിക്കുന്ന സാഹചര്യമാണുള്ളത്. എം.എല്‍.എയും വകുപ്പ് മന്ത്രിയും അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.