അടുത്ത വർഷത്തെ ഹജ്ജ് (2025)ന്റെ പ്രാഥമിക തയാറെടുപ്പ് ചർച്ച ചെയ്യാനായി സൗദി ഹജ്ജ് കമ്മിറ്റി (സി.എച്ച്.സി) കഴിഞ്ഞ ദിവസം മക്കയില്‍ യോഗം ചേർന്നു.
മക്ക ഡെപ്യൂട്ടി അമീറും സി.എച്ച്.സി ഡെപ്യൂട്ടി ചെയർമാനുമായ അമീർ സഊദ് ബിൻ മിഷാല്‍ ബിൻ അബ്ദുല്‍ അസീസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഈ വർഷത്തെ ഹജ്ജ് വേളയില്‍ കൈവരിച്ച നല്ല ഫലങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും ഇത്തവണത്തെ ഹജ്ജ് ഓപറേഷൻ സിസ്റ്റം അടുത്ത ഹജ്ജ് സീസണിലും ഉപയോഗപ്പെടുത്താനും യോഗം തീരുമാനിച്ചു. അടുത്ത വർഷത്തെ ഹജ്ജ് വേളയില്‍ പുണ്യപ്രദേശങ്ങളില്‍ ആവശ്യമായ വികസനവും തീർഥാടകരുടെ അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും അവർക്ക് മികച്ച സേവനങ്ങള്‍ നല്കുന്നതിനുമുള്ള മാർഗങ്ങളും യോഗം അവലോകനം ചെയ്തു. കര, കടല്‍, വ്യോമ മാർഗങ്ങള്‍ വഴിയുള്ള തീർഥാടകരുടെ യാത്രയുടെ നിലവിലെ അവസ്ഥയും പുരോഗതി വേണ്ടുന്ന മേഖലയിലെ കാര്യങ്ങളും യോഗം ചർച്ച ചെയ്തു. 2024ലെ ഹജ്ജ് വേളയില്‍ സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിലേയും കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലെയും ഉദ്യോഗസ്ഥരും കമ്മിറ്റിയംഗങ്ങളും നടത്തിയ പരിശ്രമങ്ങള്‍ക്ക് മക്ക അമീർ ഖാലിദ് ബിൻ ഫൈസലിന്റെ നന്ദിയും അഭിനന്ദനവും അമീർ സഊദ് ബിൻ മിഷാല്‍ യോഗത്തില്‍ അറിയിച്ചു.
അടുത്ത വർഷത്തെ ഹജ്ജ് സീസണിലേക്കുള്ള പ്രാഥമിക ക്രമീകരണങ്ങള്‍ ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഈ വർഷത്തെ ഹജ്ജ് സീസണിന്റെ നേട്ടങ്ങള്‍ മന്ത്രി എടുത്തുപറയുകയും നടപ്പാക്കിയ വിവിധ പദ്ധതികള്‍ വൻ വിജയമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത ഹജ്ജ് സീസണില്‍ ഡിജിറ്റല്‍ പരിവർത്തനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു.