ശൈഖ് സുല്‍ത്താന് 85ാം പിറന്നാള്‍

യു.എ.ഇയുടെ സാംസ്കാരിക തലസ്ഥാനമായ ഷാർജയുടെ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താൻ ബിൻ മുഹമ്മദ് അല്‍ ഖാസിമിക്ക് 85ാം പിറന്നാള്‍.

ഷാർജയെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തുന്നതില്‍ നിർണായകമായ പങ്കുവഹിച്ച ഭരണാധികാരിയാണ് ശൈഖ് സുല്‍ത്താൻ. 1939 ജൂലൈ രണ്ടിലാണ് ജനനം. ഷാർജയിലും കുവൈത്തിലുമായി സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി സുല്‍ത്താൻ ബിരുദാനന്തര ബിരുദം നേടിയത് 1960ല്‍ ഈജിപ്ത് തലസ്ഥാനമായ കൈറോയില്‍നിന്നാണ്. 1965ല്‍ ഷാർജ മുനിസിപ്പാലിറ്റി ചെയർമാനായി ചുമതലയേറ്റു. ബിരുദപഠനം പൂർത്തിയാക്കിയ ശേഷം 1971ലാണ് ഭരണാധികാരിയുടെ ഓഫിസിന്‍റെ ചുമതലയേല്‍ക്കുന്നത്. 1972 ജനുവരി 25നാണ് ശൈഖ് സുല്‍ത്താൻ ഷാർജ ഭരണാധികാരിയായി അധികാരത്തിലേറുന്നത്.

അര നൂറ്റാണ്ടുകാലമായി ഷാർജയെ വികസനത്തിലേക്ക് കൈപിടിക്കുന്നത് ശൈഖ് സുല്‍ത്താനാണ്. അതുകൊണ്ടുതന്നെ രാജ്യത്തെ ഏഴ് എമിറേറ്റുകളില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരിക്കുന്ന ഭരണാധികാരി എന്ന സവിശേഷതയും ഇദ്ദേഹത്തിനൊപ്പമാണ്. ഷാർജയില്‍ 50 വർഷത്തെ ഭരണമികവിന്‍റെ പേരാണ് ശൈഖ് സുല്‍ത്താൻ അല്‍ ഖാസിമി. ലോക നിലവാരത്തിലുള്ള വികസന പ്രവർത്തനങ്ങള്‍ക്കും അഭിവൃദ്ധിക്കുമാണ് സുല്‍ത്താന്‍റെ ഭരണകാലം സാക്ഷിയായത്.

എമിറേറ്റിന്‍റെ അഭിവൃദ്ധിക്കും സാംസ്കാരിക തലസ്ഥാനമെന്ന സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതിനുമായി ജീവിതം സമർപ്പിച്ച ശൈഖ് സുല്‍ത്താന് കേരളവുമായും മലയാളികളുമായും അഭേദ്യമായ ബന്ധമുണ്ട്.

ഷാർജ ആർട്ട് ഫൗണ്ടേഷൻ, ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷൻ, മറായ ആർട്ട് സെന്‍റർ, ബർജീല്‍ ആർട്ട് ഫൗണ്ടേഷൻ തുടങ്ങി മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച കലാസാംസ്കാരിക കേന്ദ്രങ്ങള്‍, പുരാവസ്തു കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കപ്പെട്ടത് ഇദ്ദേഹത്തിന്‍റെ ഭരണത്തിന് കീഴിലാണ്. 1998ല്‍ അറബ് ലോകത്തെ സാംസ്കാരിക തലസ്ഥാനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിക്കുന്നതും സുല്‍ത്താന്‍റെ ഭരണ മികവിനുള്ള ഉദാഹരണമാണ്.

2019ല്‍ ‘ലോക പുസ്തകങ്ങളുടെ തലസ്ഥാനം’ എന്ന വിശേഷണവും യു.എൻ സമിതി ഷാർജക്ക് സമ്മാനിച്ചിരുന്നു. 2014ല്‍ ഇസ്ലാമിക സംസ്കാരത്തിന്‍റെ തലസ്ഥാനമായും 2019ല്‍ അറബ് ടൂറിസ തലസ്ഥാനമായും യു.എൻ സമിതി ആദരിച്ചു. പ്രമുഖ ഇമാറാത്തി ഗായകൻ ഹുസൈൻ അല്‍ ജാസിമി, ഹസ്സൻ അല്‍ ഉതൈബി എന്നിവർ ഉള്‍പ്പെടെയുള്ളവർ ജന്മദിനാശംസകള്‍ നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *