ലോക ഫുട്ബാളിലെ വൻകരപ്പോരുകളില്‍ ഇനി തീപാറും. യൂറോ കപ്പും കോപ അമേരിക്കയും അവസാന എട്ടിലേക്ക് കടന്നു. നാളെ മുതലാണ് ക്വാർട്ടർ ഫൈനല്‍ മത്സരങ്ങള്‍.
രണ്ട് ഭൂഖണ്ഡങ്ങളും ചേർന്ന് ഇനി ഫുട്ബാളിലെ എട്ടാം വൻകരയാവുന്ന കാഴ്ചകളിലേക്ക് കണ്‍തുറക്കാം
വാഷിങ്ടണ്‍: ബ്രസീല്‍, അർജന്റീന, കൊളംബിയ, ഉറുഗ്വായ് എന്നിങ്ങനെ പ്രമുഖർക്ക് കാര്യമായ സ്ഥാനചലനം സംഭവിക്കാതെ കോപ അമേരിക്കയില്‍ ക്വാർട്ടർ ഫൈനലുകള്‍ക്ക് നാളെ സമാരംഭം. ആതിഥേയരായ യു.എസ് നേരത്തേ മടങ്ങിയെന്നത് മാത്രമാണ് കാര്യമായ അപവാദം.
ബ്രസീല്‍ Vs ഉറുഗ്വായ്
മാഴ്സലോ ബിയല്‍സക്കു കീഴില്‍ കടുപ്പം കൂട്ടിയ ഉറുഗ്വായിയോട് മുഖാമുഖം വരുമ്ബോള്‍ ഏതു ടീമും ഒന്ന് വിറക്കും. ഗ്രൂപ് ഘട്ടത്തില്‍ ബൊളീവിയയെ എതിരില്ലാത്ത അഞ്ചു ഗോളിനാണ് ടീം മുക്കിയിരുന്നത്. പാനമക്കെതിരെ 3-1നും യു.എസിനെ ഏകപക്ഷീയമായ ഒരു ഗോളിനും വീഴ്ത്തിയവർ. മറുവശത്ത്, പാനമയെ വൻ മാർജിനില്‍ മറികടന്നെങ്കിലും കോസ്റ്ററീക, കൊളംബിയ എന്നിവർക്കെതിരെ സമനിലയുമായി രക്ഷപ്പെട്ടാണ് ബ്രസീല്‍ നോക്കൗട്ട് കളിക്കാനിറങ്ങുന്നത്.
വെനിസ്വേല Vs കാനഡ
കണക്കുകള്‍ ഒപ്പം നില്‍ക്കുന്നത് ഗ്രൂപ് ബി ചാമ്ബ്യന്മാരായ വെനിസ്വേലക്കൊപ്പം. മൂന്നു കളികളും ജയിച്ചാണ് ടീം നോക്കൗട്ടിലെത്തുന്നത്. ആറു ഗോളുകള്‍ എതിർ വലയില്‍ അടിച്ചുകയറ്റിയവർ ഒറ്റ ഗോള്‍ മാത്രമാണ് വഴങ്ങിയത്. അത്ര ആശാസ്യമല്ല കാനഡയുടെ വിശേഷങ്ങള്‍.
അർജന്റീനക്കു മുന്നില്‍ എതിരില്ലാത്ത രണ്ടു ഗോളിന് മുട്ടുമടക്കിയ ടീം ചിലിക്കു മുന്നില്‍ ഗോള്‍രഹിത സമനിലയില്‍ കുരുങ്ങി. പെറുവിനെ ഒരു ഗോളിന് മടക്കിയ ആനുകൂല്യത്തിലാണ് നോക്കൗട്ടിലെത്തുന്നത്. നിലവിലെ കണക്കുകളില്‍ കോപ അമേരിക്കയിലെ മോശം ടീമുകളിലൊന്ന്. ജൊനാഥൻ ഡേവിഡ് കാനഡ ആക്രമണം നയിക്കുമ്ബോള്‍ സലോമോൻ റോണ്ടൻ, എഡ്വേഡ് ബെല്ലോ എന്നിവരാണ് വെനിസ്വേലയുടെ കുന്തമുനകള്‍.
കൊളംബിയ Vs പാനമ
ബ്രസീല്‍ അണിനിരക്കുന്ന വമ്ബന്മാരുടെ ഗ്രൂപിലെ ചാമ്ബ്യന്മാരാണ് കൊളംബിയ. മൂന്നു കളികളില്‍ രണ്ടെണ്ണം ജയിക്കുകയും ബ്രസീലിനെ സമനിലയില്‍ പിടിക്കുകയും ചെയ്തവർ. ബ്രസീല്‍ ഒരുവട്ടം പോലും വല കുലുക്കാതെ സമനിലയിലായ കോസ്റ്ററീകയെ കാല്‍ ഡസൻ ഗോളുകള്‍ക്ക് മടക്കിയവർ.
കൂട്ടത്തില്‍ ഇത്തിരിക്കുഞ്ഞന്മാരായ പാനമ എതിരെ വരുമ്ബോള്‍ കൊളംബിയ അനായാസ ജയവും സെമിയും സ്വപ്നം കാണുന്നു. എന്നാല്‍, ഉറുഗ്വായ് ഉള്‍പ്പെടുന്ന ഗ്രൂപില്‍ മറ്റെല്ലാവരെയും വീഴ്ത്തിയ പാനമ ഇത്തവണ പ്രകടനം അത്ര മോശമാക്കിയിട്ടില്ല. യു.എസിനെ 2-1നും ബൊളീവിയയെ 3-1നുമായിരുന്നു ടീം മടക്കിയിരുന്നത്. അതിനാല്‍, കൊളംബിയയെയും കടന്ന് സെമി കാണാനാകുമോയെന്നാണ് ടീമിന്റെ കാത്തിരിപ്പ്.
അർജന്റീന Vs എക്വഡോർ
നിലവിലെ ചാമ്ബ്യന്മാരായ അർജന്റീന ഗ്രൂപ് ഘട്ടത്തിലും എല്ലാ കളികളും ജയിച്ചാണ് എത്തുന്നത്. ഒരു ഗോള്‍ പോലും ഇതുവരെ വഴങ്ങാത്തവർ. പ്രകടനമികവും താരപ്പെരുമയും നല്‍കുന്ന ആനുകൂല്യം പരിഗണിച്ചാല്‍ എക്വഡോറിനെതിരെയും ടീം അനായാസം കടന്നുകയറണം.
പരിക്ക് വില്ലനായി നില്‍ക്കുന്ന മെസ്സി ക്വാർട്ടറില്‍ ഇറങ്ങുമോ എന്ന ചോദ്യം നിലനില്‍ക്കുന്നുവെങ്കിലും ഹൂലിയൻ അല്‍വാരസ്, ലൗതാറോ മാർട്ടിനെസ് തുടങ്ങിയവരെല്ലാം ഒന്നിനൊന്ന് മികച്ചവർ. ചിലിക്കെതിരെ ഏക ഗോള്‍ ജയമായിരുന്നെങ്കില്‍ പെറുവിനെയും ഉദ്ഘാടന മത്സരത്തില്‍ കാനഡയെയും വീഴ്ത്തിയത് രണ്ടു ഗോളുകള്‍ക്ക്.
1993ലേതിന് സമാനമായി കിരീടത്തുടർച്ചതന്നെ നീലക്കുപ്പായക്കാർക്ക് ലക്ഷ്യം. മറുവശത്ത്, എക്വഡോർ മൂന്നു കളികളില്‍ നാലു പോയന്റ് മാത്രം സമ്ബാദ്യവുമായാണ് എത്തുന്നത്. മെക്സികോക്കെതിരെ ഗോള്‍രഹിത സമനിലയും ജമൈക്കയോട് ജയവും പിടിച്ചവർ വെനിസ്വേലക്കു മുന്നില്‍ വീഴുകയും ചെയ്തു. കണക്കുകളില്‍ മുന്നിലാണെങ്കിലും മെസ്സിക്കൂട്ടത്തെ വിറപ്പിക്കാൻ തന്നെയാണ് എക്വഡോർ എത്തുന്നത്.