നോവാക്‌ ജോക്കോവിച്ചിനു വിജയത്തുടക്കം

വിമ്ബിള്‍ഡണ്‍ ടെന്നീസ്‌ ഗ്രാന്‍സ്ലാം പുരുഷ സിംഗിള്‍സില്‍ മുന്‍ ചാമ്ബ്യന്‍ സെര്‍ബിയയുടെ നോവാക്‌ ജോക്കോവിച്ചിനു വിജയത്തുടക്കം.

ചെക്കിന്റെ ക്വാളിഫയര്‍ വിറ്റ്‌ കോപ്രിവയെ 6-1, 6-2, 6-2 എന്ന സ്‌കോറിനാണു ജോക്കോ തോല്‍പ്പിച്ചത്‌.
24 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയ ജോക്കോ വിമ്ബിള്‍ഡണില്‍ ഏഴു തവണ ജേതാവായി. കാല്‍മുട്ടിനു നടത്തിയ ശസ്‌ത്രക്രിയയുടെ ബുദ്ധിമുട്ടുകള്‍ അതിജീവിച്ചാണു ജോക്കോ രണ്ടാം റൗണ്ടില്‍ കടന്നത്‌. കോപ്രിവയെ ഒരു മണിക്കൂര്‍ 58 മിനിറ്റ്‌ കൊണ്ടാണു ജോക്കോ തോല്‍പ്പിച്ചത്‌. ലോക 123-ാം റാങ്കുകാരനാണു കോപ്രിവ. ഫ്രഞ്ച്‌ ഓപ്പണില്‍ കിരീടം പ്രതീക്ഷിച്ചിരുന്ന ജോക്കോയ്‌ക്ക് പരുക്കു കാരണം ടൂര്‍ണമെന്റിനിടെ പിന്മാറേണ്ടി വന്നിരുന്നു. ബ്രിട്ടന്റെ ജേക്കബ്‌ ഫേണ്‍ലിയെയാണ്‌ അടുത്ത റൗണ്ടില്‍ ജോക്കോ നേരിടുക. അലഹാന്‍ഡ്രോ മോറോ കാനാസിനെ തോല്‍പ്പിച്ചാണു ഫേണ്‍ലി രണ്ടാം റൗണ്ടില്‍ കടന്നത്‌. സ്‌കോര്‍: 7-5, 6-4, 7-6 (12). സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഇതിഹാസ താരം റോജര്‍ ഫെഡററുടെ എട്ട്‌ വിമ്ബിള്‍ഡണ്‍ കിരീടങ്ങളെന്ന റെക്കോഡിനൊപ്പമെത്തുകയാണു ജോക്കോയുടെ ലക്ഷ്യം. നാലാം സീഡ്‌ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവ്‌ റോബര്‍ട്ടോ കാര്‍ബെയാസ്‌ ബായിനയെ മറികടന്ന്‌ രണ്ടാം റൗണ്ടിലെത്തി. സ്‌കോര്‍: 6-2, 6-4, 6-2. മത്സരം ഒരു മണിക്കൂര്‍ 53 മിനിറ്റ്‌ നീണ്ടു. മാര്‍കോസ്‌ ഗിറോണോ ഹെന്റി സീറിലോ രണ്ടാം റൗണ്ടില്‍ സ്വരേവിനെ നേരിടും. ആറാം സീഡ്‌ ആന്ദ്രെ റൂബലേവിനെ അര്‍ജന്റീനയുടെ ഫ്രാന്‍സിസ്‌കോ കോമെസാന അട്ടിമറിച്ചു. സ്‌കോര്‍: 6-4, 5-7, 6-2, 7-6(5). മഴ മൂലം മത്സരം ഇടയ്‌ക്കു തടസപ്പെട്ടിരുന്നു. ഓസ്‌ട്രേലിയയുടെ ആഡം വാള്‍ട്ടണാണ്‌ രണ്ടാം റൗണ്ടിലെ എതിരാളി. വാള്‍ട്ടണ്‍ രണ്ടാം റൗണ്ടില്‍ ഫെഡറികോ കോറിയയെ തോല്‍പ്പിച്ചു. സ്‌കോര്‍: 6-3, 6-3, 7-5.
ഗ്രീസിന്റെ ടോപ്‌ സീഡ്‌ സ്‌റ്റെഫാനോ സിറ്റ്‌സിപാസും രണ്ടാം റൗണ്ടിലെത്തി. ജപ്പാന്റെ ടാറോ ഡാനിയേലിനെയാണു സിറ്റ്‌സിപാസ്‌ തോല്‍പ്പിച്ചത്‌്. സ്‌കോര്‍: 7-6 (5), 6-4,7-5. മത്സരം രണ്ട്‌ മണിക്കൂര്‍ 23 മിനിറ്റ്‌ നീണ്ടു. വനിതാ സിംഗിള്‍സില്‍ യു.എസിന്റെ കോകോ ഗൗഫ്‌ മൂന്നാം റൗണ്ടിലേക്കു മുന്നേറി. റൊമാനിയയുടെ അന്‍സ ടോഡോണിയെയാണു കോകോ തോല്‍പ്പിച്ചത്‌. സ്‌കോര്‍: 6-2,6-1. അന്‍സയ്‌ക്കു കോകോയ്‌ക്കു മുന്നില്‍ കഷ്‌ടിച്ച്‌ ഒരു മണിക്കൂറാണു പിടിച്ചു നില്‍ക്കാനായത്‌. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സുമിത്‌ നാഗാല്‍ – സെര്‍ബിയയുടെ ദുസാന്‍ ലാജോവിച്‌ സഖ്യം ഒന്നാം റൗണ്ടില്‍ തോറ്റു. സ്‌പെയിന്റെ ജായുമി മുനാര്‍- പെഡ്രോ മാര്‍ട്ടിനസ്‌ സഖ്യത്തോടാണ്‌ അവര്‍ തോറ്റത്‌. സ്‌കോര്‍: 2-6, 2-6. നാഗാല്‍ സിംഗിള്‍സ്‌ ഒന്നാം റൗണ്ടിലും തോറ്റിരുന്നു. സെര്‍ബിയയുടെ മിയോമിര്‍ കെസ്‌മാനോവിചാണു നാഗലിനെ തോല്‍പ്പിച്ചത്‌. സ്‌കോര്‍: 2-6,6-3,3-6,4-6. വനിതാ സിംഗിള്‍സില്‍ നിലവിലെ ചാമ്ബ്യന്‍ ചെക്ക്‌ റിപ്പബ്ലിക്കിന്റെ മാര്‍കെറ്റ വോണ്‍ഡ്രോസോവ തോറ്റു പുറത്തായിരുന്നു. സ്‌പെയിന്റെ ജെസീക ബൗസാസാണു മാര്‍കെറ്റ ഒന്നാം റൗണ്ടില്‍ തന്നെ തോല്‍പ്പിച്ചത്‌. സ്‌റ്റെഫി ഗ്രാഫിനു ശേഷം ഒന്നാം റൗണ്ടില്‍ പുറത്താകുന്ന ആദ്യ നിലവിലെ ചാമ്ബ്യനാണ്‌ മാര്‍കെറ്റ.

Leave a Reply

Your email address will not be published. Required fields are marked *