യുവാക്കള്‍ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് സംഭവസ്ഥലത്തെത്തിയ മേപ്പയൂർ സ്റ്റേഷനിലെ എസ്.ഐ ഉള്‍പ്പെടെയുള്ള മൂന്ന് പൊലീസുകാർക്ക് മർദനമേറ്റു.
മേപ്പയൂർ ടൗണില്‍ ഫാറ്റിൻ ആശുപത്രിക്ക് സമീപമുള്ള ബാർബർ ഷോപ്പിനു മുന്നിലാണ് സംഘർഷത്തിന്റെ തുടക്കം. നിർത്തിയിട്ട ഇരുചക്രവാഹനത്തില്‍ രണ്ടുപേർ ഇരുന്നത് ചോദ്യംചെയ്തതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് യുവാക്കള്‍ തമ്മിലുള്ള സംഘർഷത്തിലേക്കെത്തിയത്.
പൊലീസ് സ്റ്റേഷന് സമീപത്തായതിനാല്‍ പൊലീസ് ഉടൻ സ്ഥലത്തെത്തി ഇരുവിഭാഗത്തേയും പിടിച്ചുമാറ്റുന്നതിനിടയിലാണ് പൊലീസിനു നേരെ കൈയേറ്റമുണ്ടായത്. തുടർന്ന് പൊലീസ് ലാത്തി വീശിയപ്പോള്‍ കണ്ടുനിന്നവർക്കും അടി കിട്ടി. സംഘർഷത്തിലേർപ്പെട്ട രണ്ട് യുവാക്കളുടെ തലപൊട്ടി.
ഇവരെ നിലത്തിട്ട് വളഞ്ഞ് പൊതിരെ തല്ലിയെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ലാത്തിയടിയില്‍ പരിക്കേറ്റ യുവാവിനെയുംകൊണ്ട് മേപ്പയൂർ പൊലീസ് സ്റ്റേഷനിലെത്തിയ ഒരുപറ്റം ആളുകള്‍ പൊലീസുമായി ഏറെ നേരം തർക്കത്തില്‍ ഏർപ്പെട്ടു.
പരിക്കേറ്റ മേപ്പയൂർ എസ്.ഐ സി. ജയൻ, സീനിയർ സിവില്‍ പൊലീസ് ഓഫിസർ അനില്‍ കുമാർ, സി.പി.ഒ ഒ.എം. സിജു എന്നിവർക്കാണ് പരിക്കേറ്റത്. എസ്.ഐ ജയൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും മറ്റുള്ളവർ പേരാമ്ബ്ര ഗവ. ആശുപത്രിയിലും ചികിത്സ തേടി. തലക്ക് പരിക്കേറ്റ ഷബീർ, ഷിബു എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആശുപത്രിയില്‍നിന്ന് ഡിസ്ചാർജ് ചെയ്ത ഇവരെ മേപ്പയൂർ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസുകാരെ ആക്രമിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഷബീർ, ഷിബു എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന നാലുപേർക്കെതിരെ കേസെടുത്തു. ഷബീറിന്റെ പേരില്‍ സ്റ്റേഷനില്‍ മറ്റു പല കേസുകളും നിലവിലുണ്ടെന്നാണ് പൊലീസ് പറയുന്നത്.
അറസ്റ്റ് ചെയ്ത പ്രതികളെ പേരാമ്ബ്ര ഗവ. ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയരാക്കിയ ശേഷം, പയ്യോളി കോടതിയില്‍ ഹാജരാക്കുമെന്ന് മേപ്പയൂർ സി.ഐ ടി.എൻ. സന്തോഷ് കുമാർ പറഞ്ഞു.