കുവൈത്തിലെ മംഗഫ് ലേബര്‍ ക്യാമ്ബിലുണ്ടായ തീപിടിത്തതില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കായി 1.20 കോടി രൂപ ധനസഹായം ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി കൈമാറി.
മരിച്ചവരുടെ വിവരങ്ങള്‍ സംബന്ധിച്ച് നോര്‍ക് തയ്യാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് തുക കൈമാറിയത്. അഞ്ച് ലക്ഷം രൂപ വീതമാണ് ഒരോ കുടുംബത്തിനും നല്‍കുക.
എംഎ യൂസഫലിയ്ക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്, നോര്‍ക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയ്ക്ക് തുക കൈമാറി. കുവൈത്ത് ദുരന്തത്തില്‍ മരിച്ച എല്ലാ ഇന്ത്യക്കാരുടെ കുടുംബാംഗങ്ങള്‍ക്കും എം.എ യൂസഫലി ധനസഹായം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ മാസമായിരുന്നു കുവൈത്തിലെ മംഗെഫില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തമുണ്ടായത്. 49 പേരാണ് അഗ്നിക്കിരയായി അപകടത്തില്‍ മരിച്ചത്. 24 മലയാളികളായിരുന്നു അപടകത്തില്‍ മരിച്ചത്. മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാരും കുവൈത്ത് ഭരണകൂടവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.