ഹത്രാസ് അപകടം: അന്വേഷണത്തിന് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച്‌ യുപി സര്‍ക്കാര്‍

സത്‌സംഗ് പ്രാർത്ഥനായോഗത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 121 പേർ മരിക്കാനിടയായ ഹത്രാസ് അപകടത്തില്‍ അന്വേഷണത്തിന് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച്‌ ഉത്തർപ്രദേശ് സർക്കാർ.

റിട്ടയേർഡ് ജസ്റ്റിസ് ബ്രിജേഷ് കുമാർ ശ്രീവാസ്തവ അധ്യക്ഷനായ മൂന്നംഗ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെയാണ് സർക്കാർ നിയോഗിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഗവർണർ ആനന്ദിബെൻ പട്ടേല്‍ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.

വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ഹേമന്ത് റാവു, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ ഭവേഷ്‌കുമാർ സിംഗ് എന്നിവരെ അന്വേഷണ കമ്മീഷനിലെ അംഗങ്ങളായി നിയമിച്ചു. ലക്‌നൗവിലാണ് കമ്മീഷന്റെ ആസ്ഥാനം. വിജ്ഞാപനം വന്ന് രണ്ടുമാസത്തിനുള്ളില്‍ അന്വേഷണം പൂർത്തിയാക്കണമെന്നാണ് കമ്മീഷന് നിർദ്ദേശം നല്‍കിയിരിക്കുന്നത്. ഈ കാലയളവ് നീട്ടുന്നതിന് സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമാണ്. പരിപാടി നടത്തുന്നതിന് സംഘാടകർ ജില്ലാ ഭരണകൂടത്തിന്റെ അനുമതി തേടിയിട്ടുണ്ടോ, സംഭവം അപകടമാണോ, ഗൂഢാലോചനയുണ്ടോ, ആസൂത്രിതമാണോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച്‌ കണ്ടെത്തി സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.

ഹത്രാസ് ജില്ലയിലെ രതിഭാൻപൂരില്‍ ജൂലൈ 2 ന് നടന്ന സത്സംഗ് പ്രാർത്ഥനായോഗത്തിലാണ് അപകടമുണ്ടായത്. സത്സംഗ് കഴിഞ്ഞ് ആയിരക്കണക്കിനാളുകള്‍ വേദിയില്‍ നിന്നും പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആളുകള്‍ മരിച്ചത്. നിരവധിപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണപ്പെട്ടതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

Leave a Reply

Your email address will not be published. Required fields are marked *