മന്ത്രിസഭാ സമിതികള്‍ രൂപീകരിച്ച്‌ കേന്ദ്രം; ബിജെപി സഖ്യകക്ഷികള്‍ക്കും മുഖ്യ സ്ഥാനം; പ്രധാന പദവികളില്‍ ഇവര്‍

 വിവിധ മന്ത്രിസഭാ സമിതികള്‍ രൂപീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ.

ബിജെപിയുടെ സഖ്യകക്ഷികള്‍ക്കും പ്രധാന സ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ജനതാദള്‍ (യു), തെലുങ്കു ദേശം പാർട്ടി, ജനതാ ദള്‍ (എസ്), ശിവസേന, ലോക് ജനശക്തി പാർട്ടി (രാംവിലാസ്) എന്നീ എൻഡിഎയിലെ അംഗങ്ങളും ബിജെപിയുടെ കേന്ദ്ര മന്ത്രിമാരും കാബിനറ്റ് കമ്മിറ്റികളിലുണ്ട്.

1 സുരക്ഷ
ഔദ്യോഗിക അറിയിപ്പനുസരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ, വിദേശകാര്യമന്ത്രി എസ് ജയശങ്കർ എന്നിവരാണ് തന്ത്രപരമായ കാര്യങ്ങളിലും രാജ്യസുരക്ഷ സംബന്ധിച്ച വിഷയങ്ങളിലും തീരുമാനമെടുക്കുന്ന കാബിനറ്റ് കമ്മിറ്റിയില്‍ അംഗങ്ങളായുള്ളത്.

2 സാമ്ബത്തികം
രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിർമല സീതാരാമൻ എസ് ജയശങ്കർ, ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി, കൃഷി മന്ത്രി ശിവരാജ്‌സിംഗ് ചൗഹാൻ, ഘനവ്യവസായ വകുപ്പ് മന്ത്രി എച്ച്‌ഡി കുമാര സ്വാമി എന്നിവരാണ് ഈ സമിതിയിലുള്ളത്. കൂടാതെ വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, പഞ്ചായത്തീ രാജ്, ഫിഷറീസ് വകുപ്പ് മന്ത്രി രാജീവ് രഞ്ജൻ സിംഗ് എന്നിവരും സമിതിയിലുണ്ട്.

3 രാഷ്‌ട്രീയകാര്യം
പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, നിതിൻ ഗഡ്കരി, നിർമല സീതാരാമൻ, പിയൂഷ് ഗോയല്‍, ആരോഗ്യമന്ത്രി ജെപി നദ്ദ, സിവില്‍ വ്യോമയാന വകുപ്പ് മന്ത്രി കിഞ്ചരപ്പു രാം മോഹൻ നായിഡു, ചെറുകിട, ഇടത്തരം വകുപ്പ് മന്ത്രി ജിതൻ റാം മാഞ്ചി, തുറമുഖ ഷിപ്പിംഗ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാള്‍, പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ്, വനിതാ ശിശു വികസന വകുപ്പ് മന്ത്രി അന്നപൂർണ ദേവി, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കിരണ്‍ റിജിജു , കല്‍ക്കരി മന്ത്രി ജി കിഷൻ റെഡ്ഡി എന്നിവരാണ് ഈ സമിതിയിലുള്ളത്.

4 പാർലമെൻററി കാര്യം
രാജ്‌നാഥ് സിംഗ്, അമിത് ഷാ, ജെപി നദ്ദ, നിർമല സീതാരാമൻ, രാജീവ് രഞ്ജൻ സിംഗ്, കിഞ്ചരപ്പു രാം മോഹൻ നായിഡു, കിരണ്‍ റിജിജു, സാമൂഹ്യനീതി വകുപ്പ് മന്ത്രി വീരേന്ദ്രകുമാർ, ആദിവാസികാര്യ വകുപ്പ് മന്ത്രി ജുവല്‍ ഓറാം, ജലശക്തി മന്ത്രി സിആർ പാട്ടീല്‍ എന്നിവരാണ് സമിതിയിലുള്ളത്. കേന്ദ്ര നിയമ സഹമന്ത്രി (സ്വതന്ത്ര ചുമതല) അർജുൻ റാം മേഘ്‌വാള്‍, നിയമ സഹമന്ത്രി എല്‍ മുരുകൻ എന്നിവരും അംഗങ്ങളാണ് .

5 നിയമന സമിതി
മുൻവർഷങ്ങളെപ്പോലെ, മന്ത്രിസഭയുടെ നിയമന സമിതിയില്‍ രണ്ട് അംഗങ്ങള്‍ മാത്രമാണുള്ളത്-നരേന്ദ്ര മോദിയും അമിത്ഷായും. ഈ സമിതി രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥ സ്ഥാനങ്ങളിലേക്കും, തന്ത്രപ്രധാന, സുരക്ഷാ തസ്തികകളിലേക്കും നിയമനം നടത്തുന്നു.

6 നിക്ഷേപവും വളർച്ചയും
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിർമല സീതാരാമൻ, പിയൂഷ് ഗോയല്‍, നിതിൻ ഗഡ്കരി, ഉപഭോക്തൃ കാര്യമന്ത്രി പ്രഹ്ലാദ് ജോഷി, ടെക്‌സ്‌റ്റൈല്‍സ് മന്ത്രി ഗിരിരാജ് സിംഗ്, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരി, ഭക്ഷ്യ സംസ്കരണ വ്യവസായവകുപ്പ് മന്ത്രി ചിരാഗ് പാസ്വാൻ എന്നിവരാണ് ഈ സമിതിയിലുള്ളത്. സ്ഥിതിവിവരക്കണക്ക് സഹമന്ത്രി റാവു ഇന്ദർജിത് സിംഗ്, ആയുഷ് മന്ത്രി പ്രതാപ് റാവു ജാദവ് എന്നിവരും അംഗങ്ങളാണ്.

7 താമസം
കേന്ദ്രമന്ത്രിമാർ, ഉദ്യോഗസ്ഥർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ താമസസൗകര്യവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്ന ഈ സമിതിയില്‍ അമിത് ഷാ, നിർമല സീതാരാമൻ, പിയൂഷ് ഗോയല്‍, നിതിൻ ഗഡ്കരി, ഭവന-നഗരകാര്യ മന്ത്രി മനോഹർ ലാല്‍ ഖട്ടർ എന്നിവർ അംഗങ്ങളാണ്. കേന്ദ്ര പേഴ്‌സണല്‍ സഹമന്ത്രിയും പിഎംഒയുമായ ജിതേന്ദ്ര സിംഗ് സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്.

8 നൈപുണ്യവും തൊഴിലും ഉപജീവനവും
നൈപുണ്യവും തൊഴിലും ഉപജീവനവും സംബന്ധിച്ച പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന സമിതിയില്‍ മോദി, രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിർമല സീതാരാമൻ, നിതിൻ ഗഡ്കരി, അശ്വിനി വൈഷ്‌ണവ്, ധർമ്മേന്ദ്ര പ്രധാൻ, ഹർദീപ് സിങ് പുരി, ഭൂപേന്ദർ യാദവ്, സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, തൊഴില്‍ മന്ത്രി മൻസുഖ് മാണ്ഡവ്യ എന്നിവർ ഉള്‍പ്പെടുന്നു. കേന്ദ്ര നൈപുണ്യ വികസന സഹമന്ത്രി ജയന്ത് ചൗധരിയാണ് സമിതിയിലെ പ്രത്യേക ക്ഷണിതാവ്.

Leave a Reply

Your email address will not be published. Required fields are marked *