ബി.ജെ.പി സി.പി.എം വോട്ടുകള്‍ പിടിച്ചാല്‍ ചേലക്കരയും വീഴും, മികച്ച സ്ഥാനാര്‍ത്ഥികളെ ഇറക്കി നേട്ടം കൊയ്യാൻ കോണ്‍ഗ്രസ്സ്

നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും ലോകസഭ ഉപതിരഞ്ഞെടുപ്പും ഉടൻ പ്രഖ്യാപിക്കുമെന്നിരിക്കെ കോണ്‍ഗ്രസ്സില്‍ അണിയറ നീക്കങ്ങള്‍ ശക്തമായി.

ലോകസഭ ഉപതിരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലമായ വയനാട്ടില്‍ പിയങ്ക ഗാന്ധി മത്സരിക്കുമെന്നത് ഉറപ്പായി കഴിഞ്ഞു. വയനാട്ടിലെ പ്രചരണ പ്രവർത്തനങ്ങള്‍ കെ.പി.സി.സി വർക്കിങ് പ്രസിഡൻ്റ് ടി.സിദ്ധിഖിൻ്റെ നേതൃത്വത്തിലാണ് ഏകോപിപ്പിക്കുക. ഇതു സംബന്ധമായി നേരിട്ടുള്ള ഇടപെടലാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നടത്തുന്നത്.

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുക എന്നത് കെ.സിയുടെ കൂടി താല്‍പ്പര്യമാണ്. ഇതുവഴി 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിന് പ്രിയങ്കയുടെ കൂടി പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം. കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീഷനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള നേതാക്കളും വയനാട്ടിൻ്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. ഇവിടെ കോണ്‍ഗ്രസ്സ് സ്ഥാനാർത്ഥി വിജയിക്കുക എന്നതില്‍ ഉപരി പ്രിയങ്കയുടെയും രാഹുല്‍ ഗാന്ധിയുടെയും പ്രീതി പിടിച്ചു പറ്റുക തന്നെയാണ് ഇവരുടെയും ലക്ഷ്യം.

രാഹുല്‍ ഗാന്ധിയേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം പ്രിയങ്കയ്ക്ക് ലഭിക്കുമെന്ന ഉറപ്പ് മുസ്ലീം ലീഗ് നേതൃത്വവും കോണ്‍ഗ്രസ്സ് നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്. അതു കൊണ്ട് തന്നെ വയനാട്ടിൻ്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് നിലവില്‍ ആശങ്കകളില്ല.

എന്നാല്‍ പാലക്കാട്ടെയും ചേലക്കരയിലെയും അവസ്ഥ അതല്ല. ഷാഫി പറമ്ബില്‍ മത്സരിക്കാത്ത തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റായ പാലക്കാട്ടെ ഫലം എന്താകുമെന്ന കാര്യത്തില്‍ നല്ല ആശങ്ക കോണ്‍ഗ്രസ്സ് നേതൃത്വത്തിനുണ്ട്. അതിനാല്‍ ശക്തനായ സ്ഥാനാർത്ഥി തന്നെ പാലക്കാട്ട് മത്സരിക്കണമെന്നതാണ് പൊതു വികാരം. മുൻ എം.എല്‍.എയും എ.ഐ.സി.സി അംഗവുമായ വി.ടി ബല്‍റാം, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍, മുൻ സിവില്‍ സർവ്വീസ് ഉദ്യോഗസ്ഥനായ ഡോ. പി.സരിൻ എന്നിവരാണ് നിലവില്‍ നേതൃത്വത്തിൻ്റെ പരിഗണനയില്‍ ഉള്ളത്. ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വിജയിക്കുന്നത് ആര് തന്നെ ആയാലും അവർക്കു തന്നെ ആയിരിക്കും 2026-ലെ പൊതു തിരഞ്ഞെടുപ്പിലും മത്സരിക്കാൻ അവസരം ലഭിക്കുക.

രണ്ടു തവണ തൃത്താല മണ്ഡലത്തെ പ്രതിനിധീകരിച്ച വി.ടി ബല്‍റാമിന് 2021- ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം നേതാവ് എം.ബി രാജേഷിനു മുന്നിലാണ് കാലിടറിയിരുന്നത്. പാലക്കാട് മത്സരിച്ച്‌ ജയിച്ചാലും തൃത്താലയില്‍ വീണ്ടും മത്സരിച്ച്‌ ജയിച്ചാലും യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ വി.ടി ബല്‍റാമിനെ മന്ത്രിസ്ഥാനത്ത് പരിഗണിക്കാനുള്ള സാധ്യതയും ഏറെയാണ്. ഷാഫി പറമ്ബില്‍ ലോകസഭയിലേക്ക് കളം മാറ്റിയതും ഇക്കാര്യത്തില്‍ ബല്‍റാമിനാണ് ഗുണം ചെയ്യുക.

ഇടതുപക്ഷ കോട്ടയായ ചേലക്കരയില്‍ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ രമ്യ ഹരിദാസിന് അട്ടിമറി വിജയം നേടാൻ കഴിയുമെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം കരുതുന്നത്. ലോകസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാർത്ഥി പ്രൊഫ. സരസു ഇരട്ടിയിലേറെയായി വോട്ടുകള്‍ വർദ്ധിപ്പിച്ചിലായിരുന്നു എങ്കില്‍ രമ്യ ഹരിദാസ് നിഷ്പ്രയാസം വിജയിക്കുമായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. അതു കൊണ്ടു തന്നെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൻ കോണ്‍ഗ്രസ്സിൻ്റെ പ്രതീക്ഷയും ഏറെയാണ്. ചേലക്കരയില്‍ സി.പി.എമ്മിനെ വീഴ്ത്താൻ കഴിഞ്ഞാല്‍ 2026-ല്‍ കോണ്‍ഗ്രസ്സിന് ഭരണമാറ്റം ഉറപ്പിക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

ഉപതിരഞ്ഞെടുപ്പിന് മുൻപ് സി.പി.എം നേതൃത്വം, പൊതു സമൂഹത്തിനും പാർട്ടി അണികള്‍ക്കും അനുഭാവികള്‍ക്കും ബോധ്യപ്പെടുന്ന രൂപത്തില്‍ തെറ്റുതിരുത്തല്‍ നടപടിയിലേക്ക് കടന്നില്ലങ്കില്‍ ചേലക്കര ഇടതുപക്ഷത്തിന് അഗ്നിപരീക്ഷണമായി മാറും. ചുവപ്പു കോട്ടയായ ചേലക്കരയില്‍ ഇടതുപക്ഷത്തിന് കാലിടറിയാല്‍, അതിന് അർത്ഥം സി.പി.എം അനുഭാവികള്‍ തന്നെ പാർട്ടിയെ കൈവിട്ടു എന്നതാണ്. അത്തരമൊരു സാഹചര്യത്തില്‍ ‘2019ലും ഒരു സീറ്റ് 2024ലും ഒരു സീറ്റ് ‘എന്ന് പറഞ്ഞ് ലോകസഭ തിരഞ്ഞെടുപ്പിലെ തോല്‍വിയെ ന്യായീകരിച്ചതു പോലെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ന്യായീകരിച്ചു നില്‍ക്കാൻ പാർട്ടിക്ക് കഴിയുകയില്ല. അതിൻ്റെ പ്രത്യാഘാതം സംസ്ഥാന വ്യാപകമായി ഉണ്ടാവുകയും ചെയ്യും.

2019-ലെ ലോകസഭ തിരഞ്ഞെടുപ്പില്‍, ചേലക്കര നിയമസഭാ മണ്ഡലത്തില്‍ ലീഡ് നേടിയിരുന്നതും രമ്യഹരിദാസായിരുന്നു. രമ്യയെ ചേലക്കര തുണച്ചാല്‍, 2026-ല്‍ ഭരണമാറ്റം വന്നാല്‍ സംവരണ വിഭാഗത്തിലെ പ്രതിനിധി എന്ന നിലയിലും വനിത പ്രാതിനിത്യം എന്ന നിലയിലും മന്ത്രിസഭയിലേക്ക് കോണ്‍ഗ്രസ്സിന് പരിഗണിക്കേണ്ടതായി വരും.

ചേലക്കരയിലും പാലക്കാട്ടും ശക്തമായ ത്രികോണ മത്സരമാണ് നടക്കാൻ പോകുന്നത്. പാലക്കാട് അട്ടിമറി വിജയം നേടാൻ ബി.ജെ.പിയും പരമാവധി ശ്രമിക്കും. ഷാഫി പറമ്ബില്‍ പോലും കഷ്ടിച്ചാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നത്. 3,859 വോട്ടുകള്‍ മാത്രമായിരുന്നു ഭൂരിപക്ഷം.

ഷാഫി പറമ്ബില്‍ 54,079 വോട്ടുകള്‍ നേടിയപ്പോള്‍, ബി.ജെ.പി സ്ഥാനാർത്ഥിയായ മെട്രോമാൻ ശ്രീധരന് 50,220 വോട്ടുകളാണ് ലഭിച്ചിരുന്നത്. ഇടതുപക്ഷ സ്ഥാനാർത്ഥിയായ സി.പി.എമ്മിലെ സി.പി പ്രമോദിനാകട്ടെ 36,433 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നിരുന്നു.

2021-ല്‍ 39,400 വോട്ടുകള്‍ക്ക് കെ രാധാകൃഷ്ണൻ വിജയിച്ച ചേലക്കരയില്‍ ഈ കൂറ്റൻ ഭൂരിപക്ഷം ലഭിച്ചാലും ഇല്ലെങ്കിലും വിജയിക്കുക എന്നത് സി.പി.എമ്മിന് നിലനില്‍പ്പിനു തന്നെ അനിവാര്യമാണ്. ഇത്തവണ ഇവിടെ ബി.ജെ.പി പിടിക്കുന്ന വോട്ടുകളും നിർണ്ണായകമാകും. സി.പി.എം വോട്ടുകള്‍ ബി.ജെ.പി പിടിച്ചാല്‍ വിജയം ഉറപ്പാണെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *