സംസ്ഥാനത്തെ പ്ലസ്വണ് സീറ്റ് പ്രതിസന്ധി പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗ കമ്മീഷന്റെ മലപ്പുറത്തെ സ്കൂളുകളിലെ പരിശോധന വ്യാഴാഴ്ച പൂര്‍ത്തിയാവും.
വൈകുന്നേരത്തോടെ ജില്ലയില്‍ കുറവുള്ള പ്ലസ്വണ് സീറ്റുകളുടെ പട്ടിക ഉദ്യോഗസ്ഥര്‍ തയാറാക്കും. ശേഷം വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കും.
ഹയര്‍സെക്കന്‍ഡറി അക്കാദമിക് വിഭാഗം ജോയിന്റ് ഡയറക്ടര്‍ ആര്. സുരേഷ് കുമാറും മലപ്പുറം അര്‍ഡിഡി ഡോ. പി.എം.അനിലുമാണ് സ്കൂളുകളില്‍ സന്ദര്‍ശനം തുടരുന്നത്. പരിമിതികള്‍ കണ്ടെത്തിയ സ്കൂളുകളുടെ കാര്യം റിപ്പോര്‍ട്ട് ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ, വേങ്ങര സര്‍ക്കാര്‍ സ്കൂളിള്‍ വിദ്യാര്‍ഥികള്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാത്തത് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു.
ഇത്തവണ4,65,960 പേരാണ് പ്ലസ്വണ്ണിന് അപേക്ഷ സമര്‍പ്പിച്ചത്. മലബാറില്‍ മാത്രം 2,46,057 അപേക്ഷകരാണുള്ളത്. ഇവിടെ സര്‍ക്കാര്‍ എയ്ഡഡ് സീറ്റുകളുടെ എണ്ണം 1,90,160 മാത്രമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്ലസ്വണ് സീറ്റ് അപേക്ഷകര്‍ മലപ്പുറത്താണ്.
മലപ്പുറത്ത് 82,434 പേരാണ് അപേക്ഷിച്ചിരിക്കുന്നത്. ഇവിടെ സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ ഉള്ളത് 52,600 സീറ്റുകള്‍ മാത്രമാണ്. കൂടാതെ 11,300 അണ് എയ്ഡഡ് സീറ്റുകളും ഇവിടെയുണ്ട്. ഈ സീറ്റുകള്‍ കൂടി പരിഗണിച്ചാലും ആകെയുള്ളത് 63,900 സീറ്റുകള്‍ മാത്രമാണ്. മലപ്പുറത്ത് ആകെയുള്ള വിഎച്ച്എസി, ഐടിഐ, പോളിടെക്നിക് സീറ്റുകള്‍ 4,800 മാത്രമാണ്. ചുരുക്കത്തില്‍ മലപ്പുറത്ത് 14,134 വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരമില്ല.
സംസ്ഥാനത്തെ ആകെ അപേക്ഷകരുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 6,630 അധിക അപേക്ഷകരാണ് ഇത്തവണയുള്ളത്.