നീറ്റ് പരീക്ഷ വിദ്യാർഥി വിരുദ്ധമാണെന്നും, വിദ്യാഭ്യാസം സംസ്ഥാന വിഷയങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്.
ആളുകള്‍ക്ക് നീറ്റ് പരീക്ഷയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും നിയമസഭയില്‍ പാസാക്കിയ പ്രമേയം പിന്തുണക്കുന്നുവെന്നും പാർട്ടി പരിപാടിക്കിടെ വിജയ് പറഞ്ഞു. സംസ്ഥാനത്ത് നീറ്റ് ക്രമക്കേടിനെതിരെ വ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് വിജയ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
“സംസ്ഥാന സിലബസില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്ക് എൻ.സി.ഇ.ആർ.ടി സിലബസ് അനുസരിച്ചുള്ള പരീക്ഷ നടത്തുന്നത് എങ്ങനെ ശരിയാകും? ഗ്രാമപ്രദേശങ്ങളില്‍നിന്ന് ഉള്‍പ്പെടെ വൈദ്യശാസ്ത്രം പഠിക്കാൻ താല്പര്യപ്പെടുന്നവർക്ക് ഇത് തിരിച്ചടിയാകും. ഇപ്പോള്‍ നടന്ന ക്രമക്കേടോടെ വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നീറ്റിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.
പരീക്ഷ റദ്ദാക്കുകയാണ് ഇതിന് ഉടനെ ചെയ്യാവുന്ന പരിഹാരം. പരീക്ഷയെ എതിർത്തുകൊണ്ട് നിയമസഭയില്‍ പാസാക്കിയ പ്രമേയത്തെ പൂർണമായി പിന്തുണക്കുന്നു. ദീർഘകാല പരിഹാരമെന്ന നിലക്ക് വിദ്യാഭ്യാസത്തെ കണ്‍കറന്റ് ലിസ്റ്റില്‍നിന്ന് മാറ്റി സ്റ്റേറ്റ് ലിസ്റ്റിലേക്ക് മാറ്റണം. സമ്മർദമില്ലാതെ പഠിക്കാൻ വിദ്യാർഥികള്‍ക്ക് കഴിയണം” -വിജയ് പറഞ്ഞു.