പൃഥ്വിരാജും കുഞ്ചാക്കോ ബോബനും അമ്മയുടെ പ്രധാനസ്ഥാനങ്ങളില്‍ എത്തണമെന്ന് മോഹൻലാല്‍ ആഗ്രഹിച്ചിരുന്നു: ജഗദീഷ്

താരസംഘടനയായ അമ്മയുടെ തലപ്പത്തു തലമുറമാറ്റം വേണമെന്ന് മോഹൻലാല്‍ ആഗ്രഹിച്ചിരുന്നതായി വൈസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട നടൻ ജഗദീഷ്.

പൃഥ്വ‌ിരാജിനെയും കുഞ്ചാക്കോ ബോബനെയും അമ്മയുടെ പ്രധാന സ്ഥാനങ്ങളിലേക്കു കൊണ്ടുവരാൻ പ്രസിഡന്‍റ് മോഹൻലാല്‍ ഉള്‍പ്പെടെയുള്ളവർ ആഗ്രഹിച്ചിരുന്നു.

എന്നാല്‍ ഇവർ തിരക്ക് അറിയിച്ചതിനെത്തുടർന്നാണു എല്ലാവരുടെയും നിർബന്ധപ്രകാരം പ്രസിഡന്‍റ് സ്ഥാനത്തു തുടരാൻ മോഹൻലാല്‍ തയാറായത്. അടുത്ത തെരഞ്ഞെടുപ്പില്‍ തലമുറ മാറ്റത്തിനായി ശ്രമം തുടരുമെന്നും ജഗദീഷ് പറഞ്ഞു.

അഭിപ്രായഭിന്നതകള്‍ ഒന്നുമില്ലാതെയാണു മത്സരത്തിനുള്ള പാനല്‍ തീരുമാനിച്ചത്. അംഗങ്ങളുടെ രാഷ്ട്രീയ ചായ്‌വ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടില്ലെന്നും ജഗദീഷ് പറഞ്ഞു. എക്സിക്യൂട്ടീവ് അംഗം ഒഴികെയുള്ള തസ്തികകളില്‍ സ്ത്രീകള്‍ വരാതിരുന്നത് ജയിക്കാതിരുന്നതു കൊണ്ടാണ്.

എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോകാനാണു പുതിയ ഭരണസമിതിയുടെ താല്‍പര്യം. പരിഭവിച്ചു മാറി നില്‍ക്കുന്നവരെയും സഹകരിപ്പിക്കും. ജഗദീഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *