ജീരകവെള്ളത്തില്‍ ചിയ വിത്ത് ചേര്‍ത്ത് കുടിക്കാം; ഗുണവിശേഷങ്ങള്‍ ഇങ്ങനെ

ജീരകത്തിന് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. ജീരകമിട്ട് വെള്ളം തിളപ്പിച്ചുകുടിക്കുന്നതും വളരെ നല്ലതാണ്. ഇതില്‍ ഇരുമ്ബ്, പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം, വിറ്റാമിൻ എ, സി, ഇ, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവയൊക്കെ അടങ്ങിയിട്ടുണ്ട്.

വയറിനുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ജീരകവെള്ളം എളുപ്പത്തിലുള്ള മികച്ച പരിഹാരമാണ്. വയർ വീർത്തുകെട്ടുന്നത് പ്രതിരോധിക്കാനും ഗ്യാസ് കുറയ്ക്കാനും ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം ഇത് ഉപകരിക്കും.

ഉയർന്ന രക്തസമ്മർദ്ദത്തെ തടയാൻ ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം സഹായിക്കും. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ രോഗ പ്രതിരോധശേഷി കൂട്ടാനും ഇത് ഗുണം ചെയ്യും. ഉറക്കക്കുറവ് നേരിടുന്നവർക്കും മഗ്നീഷ്യം ധാരാളം അടങ്ങിയ ജീരക വെള്ളം കുടിച്ചാല്‍ ആശ്വാസം ലഭിക്കും. നല്ല ഉറക്കം ലഭിക്കാൻ ഇത് ഗുണം ചെയ്യും.

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും ഡയറ്റില്‍ ജീരകവെള്ളം ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കലോറി കുറവുള്ള ജീരകം നാരുകളുടെ നല്ലൊരു സ്രോതസാണ്. ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും. ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് കുറയ്ക്കാനും ഗുണം ചെയ്യും.

ഫൈബർ സമ്ബന്നമായ ചിയ വിത്തുകള്‍ വിശപ്പ് കുറയ്ക്കാനും വയർ നിറയ്ക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും ഗുണം ചെയ്യും. കൂടാതെ പ്രോട്ടീൻ അടങ്ങിയ ചിയ വിത്തുകള്‍ അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാനും നല്ലതാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇതിന് കഴിവുണ്ട്. കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവ ഇതിലുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ചിയ സീഡ് ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

ഇതില്‍ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും ഗുണം ചെയ്യും. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച സ്രോതസ് കൂടിയാണിത്.അതിനാല്‍ ജീരകവെള്ളത്തില്‍ ചിയ വിത്തുകള്‍ ചേർത്ത് കഴിക്കുന്നത് ഇരട്ടി ഫലങ്ങള്‍ നല്‍കും. തിളപ്പിച്ച ജീരകവെള്ളത്തില്‍ ചിയ വിത്തുകള്‍ കുതിർത്ത് കഴിയ്ക്കാം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.

Leave a Reply

Your email address will not be published. Required fields are marked *