ഒഡിഷയിലെ ഭുവനേശ്വറില്‍ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍. 23 കാരനായ സന്തോഷ് ഖുന്തിയെന്നയാളാണ് അറസ്റ്റിലായത്.
പ്രതിയുടെ വീട്ടില്‍ കളിക്കാനെത്തിയ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവില്‍പോയ പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കുട്ടി കളിക്കാനായി വീട്ടിലെത്തിയപ്പോള്‍ സന്തോഷ് ഖുന്തിയയുടെ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. മദ്യലഹരിയിലായിരുന്ന സന്തോഷ് ഖുന്തിയ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചില്‍ ആരംഭിച്ചു. തുടർന്നാണ് അവശനിലയിലുള്ള കുട്ടിയെ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാലാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാനായതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കുട്ടി അപകടനില തരണം ചെയ്തെന്നും അധികൃതർ അറിയിച്ചു. വീട്ടുകാരുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് പ്രത്യേക പൊലീസ് സംഘം സ്ഥലത്തെത്തിയത്. അന്വേഷണത്തിനൊടുവില്‍ പ്രതിയെ 24 മണിക്കൂറിനുള്ളില്‍ പിടികൂടുകയും ചെയ്തു.
ഡ്രൈവറായി ജോലി ചെയ്യുന്ന പ്രതി പെണ്‍കുട്ടിയുടെ അമ്മയെയും ഭീഷണിപ്പെടുത്തിയതായും കണ്ടെത്തി. ഫോറൻസിക് സംഘത്തിന് നിർണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.