സൗദി പൊതുനിക്ഷേപ നിധി; വരുമാനം 331 ശതകോടി റിയാലായി കുതിച്ചുയര്‍ന്നു

 സൗദി പൊതുനിക്ഷേപനിധിക്ക് (പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് -പി.ഐ.എഫ്) 2023ല്‍ മൊത്തം വരുമാനത്തില്‍ നൂറുശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തിയതായി റിപ്പോർട്ട്.

2022ലെ 165 ശതകോടി റിയാലില്‍നിന്ന് (44 ശതകോടി ഡോളർ) 331 ശതകോടി റിയാലായി (88.5 ശതകോടി ഡോളർ) വരുമാനം ഉയർന്നു. 2023 ജനുവരി ഒന്ന് മുതല്‍ ഡിസംബർ 31 വരെയുള്ള കാലയളവില്‍ വരുമാനത്തിലുണ്ടായ കുതിച്ചുചാട്ടം തങ്ങളുടെ നിക്ഷേപത്തിന് വിപണി മൂല്യത്തിലുണ്ടായ വളർച്ചയെ പിന്തുണച്ചതായി പി.ഐ.എഫ് പുറത്തിറക്കിയ റിപ്പോർട്ടില്‍ വ്യക്തമാക്കി.

ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള ആവശ്യകതകള്‍ക്ക് അനുസൃതമായി 2023ലെ പി.ഐ.എഫിന്റെ ഏകീകൃത സാമ്ബത്തിക സ്ഥിതിവിവരക്കണക്കുകള്‍ പ്രസിദ്ധീകരിച്ചു. പി.ഐ.എഫ് ആസ്തികളുടെ മൂല്യം 28 ശതമാനം വർധിച്ചു. 2022 അവസാനത്തെ 2.9 ലക്ഷംകോടി റിയാലുമായി താരതമ്യം ചെയ്യുമ്ബോള്‍ 2023 അവസാനത്തോടെ 3.7 ലക്ഷം കോടി റിയാലായി (990 ശതകോടി ഡോളർ) ഉയർന്നു. അഞ്ചു വർഷത്തെ നിക്ഷേപ പദ്ധതികളുടെ ആസൂത്രണം കൊണ്ടും പ്രാദേശികമായും ആഗോള തലത്തിലും നിക്ഷേപിക്കാൻ ലഭ്യമായ അവസരങ്ങള്‍ പരമാവധി ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞതുമാണ് വരുമാനത്തില്‍ മികവ് പുലർത്താൻ കഴിഞ്ഞത്.

വിപണിയിലെ സമകാലീന വെല്ലുവിളികളെ നേരിടാൻ കഴിഞ്ഞത് ആസ്തികളുടെ വളർച്ച ത്വരിതപ്പെടുത്താനും സാധിച്ചു. അന്താരാഷ്ട്ര വിപണികളില്‍ ഫലപ്രദമായി നടത്തിയ നിക്ഷേപങ്ങള്‍ പി.ഐ.എഫിന്റെ വരുമാനവും ആസ്തി മൂല്യവും ഉയർത്താൻ സഹായിച്ചതായും പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി. ലോകത്തെ ഏറ്റവും വലിയ പരമാധികാര ഫണ്ടുകളില്‍ സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് മികച്ച സ്ഥാനത്തില്‍ നില്‍ക്കുന്നു. പി.ഐ.എഫ് ആസ്തി ഉയർത്താൻ സൗദിയുടെ സമ്ബൂർണ വികസന പദ്ധതിയായ ‘വിഷൻ 2030’ല്‍ ലക്ഷ്യംവെച്ചിരുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞതും ഈ മേഖലയില്‍ വൻ കുതിച്ചുചാട്ടമുണ്ടാക്കാൻ കഴിഞ്ഞതായി സാമ്ബത്തിക രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു.

നിക്ഷേപേതര പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ലാഭം, വരുമാനം, അറ്റവരുമാനം എന്നിവയുടെ നിലവാരത്തിലെ വർധനക്ക് കാരണമായ നിരവധി ഘടകങ്ങളുണ്ടെന്ന് പി.ഐ.എഫ് ചൂണ്ടിക്കാട്ടി. 2022ലെ അസാധാരണ ഉയർച്ചക്കു ശേഷം ലോഹത്തിന്റെയും അയിരിന്റെയും വിലയിലുണ്ടായ ആഗോള ഇടിവ് കാരണം ലോഹങ്ങളുടെയും ഖനനമേഖലയിലെ വരുമാനത്തിന്റെയും ഇടിവ് നിക്ഷേപേതര പോർട്ട്‌ഫോളിയോയെ ഒരു പരിധിവരെ ബാധിച്ചതായും പി.ഐ.എഫ് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *