യു.കെയില്‍ വിലക്കയറ്റം രൂക്ഷം; തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാ വിഷയം

യു.കെയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാന ചർച്ചാ വിഷയമായി വിലക്കയറ്റം. ഉയർന്ന പണപ്പെരുപ്പം മൂലം നിത്യോപയോഗ സാധനങ്ങളുടെ ഉള്‍പ്പടെ വില ഉയരുന്നതാണ് യു.കെയിലെ ജനങ്ങളെ ദുരിതത്തിലാക്കുന്നത്.

കോവിഡ് 19ഉം, യുക്രെയ്ൻ യുദ്ധവുമാണ് വിലക്കയറ്റത്തിനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.

2024ലാണ് കേന്ദ്രബാങ്കിന്റെ ലക്ഷ്യമായ രണ്ട് ശതമാനത്തിലേക്ക് യു.കെയില്‍ പണപ്പെരുപ്പം എത്തിയത്. പണപ്പെരുപ്പം നിയന്ത്രണവിധേയമായെങ്കിലും വിലക്കയറ്റം ഇപ്പോഴും തുടരുകയാണ്. മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ നിത്യോപയോഗ സാധനങ്ങള്‍ക്കായി അധിക തുക ചെലവഴിക്കേണ്ട സ്ഥിതിയിലാണ് യു.കെയിലെ ജനങ്ങള്‍.

മൂന്ന് വർഷം മുമ്ബത്തെ വിലയുമായി താരതമ്യം ചെയ്യുമ്ബോള്‍ ഭക്ഷ്യവസ്തുക്കളുടെ നിരക്ക് 31 ശതമാനം ഉയർന്നിട്ടുണ്ടെന്ന് നാഷണല്‍ സ്റ്റാറ്റസ്റ്റിക്സ് ഓഫീസിന്റെ കണക്കുകളില്‍ നിന്നും വ്യക്തമാകും. അരലിറ്റർ പാലിന്റെ വില 0.29 ഡോളറാണ് ഉയർന്നത്. ഏകദേശം 55 ശതമാനം വില വർധനയാണിത്. പഞ്ചസാരയുടെ വില 63 ശതമാനവും ചിക്കന്റേത് 40 ശതമാനവും ഉയർന്നു.

യു.കെയില്‍ 2007 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ജി.ഡി.പി പ്രതിശീർഷ വരുമാനത്തില്‍ 4.3 ശതമാനത്തിന്റെ വർധന മാത്രമാണ് ഉണ്ടായത്. അതിന് മുമ്ബത്തെ 16 വർഷത്തിനിടെ ഇത് 46 ശതമാനം വർധിച്ചിരുന്നു. യു.കെയില്‍ മാത്രമല്ല മറ്റ് പല രാജ്യങ്ങളിലും കോവിഡും യുക്രെയ്ൻ യുദ്ധവും മൂലം ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നിട്ടുണ്ട്. എങ്കിലും കഴിഞ്ഞ രണ്ട് മാസമായി വിലക്കയറ്റത്തില്‍ നേരിയ കുറവുണ്ടായത് മാത്രമാണ് യു.കെയിലെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *