റുമാനിയയെ എതിരില്ലാത്ത മൂന്നു ഗോളിന് തകർത്ത് നെതർലൻഡ്സ് ക്വാർട്ടറില്‍. കോഡി ഗാക്‌പോ മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ നെതർലൻഡിസിന് തന്നെയായിരുന്നു സർവ്വാധിപത്യം.
ഗാക്‌പോയുടെ ഒരു ഗോള്‍ കൂടാതെ പകരക്കാരനായി ഇറങ്ങിയ ഡോനിയല്‍ മാലൻ 2 ഗോള്‍ നേടി.
കളി തുടങ്ങിയപ്പോള്‍ റുമാനിയയായിരുന്നു മുന്നില്‍. ആദ്യ മിനിറ്റുകളില്‍ പന്ത് കൈവശം വെച്ചതും അവസരങ്ങള്‍ സൃഷ്ടിച്ചതും റുമാനിയയായിരുന്നു. 14-ാം മിനിറ്റിലെ ഗോള്‍ ശ്രമം നേരിയ വ്യത്യാസത്തില്‍ ഗോള്‍ബാറില്‍ തട്ടി പുറത്തേക്ക് പോവുകയായിരുന്നു. വൈകാതെ നെതർലൻഡ്സ് കളിയിലേക്ക് തിരിച്ചെത്തി. 20ാം മിനിറ്റിലായിരുന്നു ഗാക്പോയുടെ ഗോള്‍. ഇടതുവിങ്ങിലൂടെ കുതിച്ച് ബോക്‌സിലേക്ക് കയറിയ ഗാക്‌പോ പ്രതിരോധതാരത്തെ കബളിപ്പിച്ച് പോസ്റ്റിന്റെ മൂലയിലേക്ക് ഷോട്ടുതിര്‍ത്തു.
പിന്നീട് നെതർലൻഡ്സ് നിറഞ്ഞ് കളിക്കുകയായിരുന്നു. മത്സരത്തിലാകെ നെതര്‍ലന്‍ഡ് റുമാനിയന്‍ പോസ്റ്റിലേക്ക് ആറ് തവണ ഷോട്ട് പായിച്ചത്. രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയ മാലൻ ഇരട്ടഗോളുമായി ഡച്ച് ആരാധകർക്ക് വലിയ ആഘോഷത്തിനു വക നല്‍കി. 83-ാം മിനിറ്റിലും ഇൻജറി ടൈമിലുമായിരുന്നു മാലന്റെ ഗോളുകള്‍. ഇടതുവിങ്ങിലൂടെ ഡ്രിബിള്‍ ചെയ്ത് മുന്നേറിയ ഗാക്‌പോയാണ് അസിസ്റ്റ് നല്‍കിയത്. ഔട്ട്‌ലൈനിലൂടെ വിദഗ്ധമായി പന്തെടുത്ത് മുന്നേറിയ ഗാക്‌പോ നല്‍കിയ പാസ് വലയിലേക്ക് മലന്‍ അനായാസം തട്ടിയിട്ടു. 93-ാം മിനിറ്റിലായിരുന്നു മാലന്റെ രണ്ടാം ഗോള്‍. ക്വാർട്ടറില്‍ തുർക്കിയാണ് നെതർലൻഡ്സിന്റെ എതിരാളികള്‍.