പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ വീണ്ടും കുറഞ്ഞു; അണ്‍എയ്ഡഡില്‍ വൻ വര്‍ധന

 സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ വീണ്ടും വിദ്യാർഥികള്‍ കുറയുന്നു. അണ്‍എയ്ഡഡ് സ്കൂളുകളില്‍ കുട്ടികള്‍ വർധിക്കുകയും ചെയ്തു.

ഈ അധ്യയന വർഷത്തെ ആറാം പ്രവൃത്തിദിനത്തെ കണക്കിലൂടെയാണ് പൊതുവിദ്യാലയങ്ങളിലെ കുറവ് പുറത്തുവന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കൂടിയെന്ന പെരുപ്പിച്ച കണക്ക് പ്രചരിപ്പിക്കുന്നതിനിടെയാണ് തുടർച്ചയായ രണ്ടാം വർഷവും അണ്‍എയ്ഡഡ് സ്കൂളുകളില്‍ കുട്ടികള്‍ കൂടിയത്.

ഗവ. സ്കൂളുകളില്‍ കഴിഞ്ഞ വർഷം ഒന്നാം ക്ലാസില്‍ 99,566 കുട്ടികളുണ്ടായിരുന്നത് ഇത്തവണ 92,638 ആയി കുറഞ്ഞു; കുറവ് 6928. എയ്ഡഡ് സ്കൂളുകളില്‍ കഴിഞ്ഞ വർഷം 1,58,583 പേർ എയ്ഡഡില്‍ ഒന്നാം ക്ലാസ് പ്രവേശനം നേടിയത് ഇത്തവണ 1,58,348 ആയി കുറഞ്ഞു. എന്നാല്‍, അണ്‍എയ്ഡഡില്‍ കഴിഞ്ഞ വർഷം 39,918 പേർ ഒന്നിലെത്തിയത് ഇത്തവണ 47,862 ആയി; വർധന 7944. കഴിഞ്ഞ വർഷവും അണ്‍എയ്ഡഡില്‍ ഒന്നാം ക്ലാസില്‍ 5052 കുട്ടികള്‍ വർധിച്ചിരുന്നു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ ഈ വർഷം ഒന്നാം ക്ലാസില്‍ ആകെ പ്രവേശനം നേടിയവരുടെ എണ്ണത്തില്‍ നേരിയ വർധന ഉണ്ടായിരിക്കെയാണ് സർക്കാർ, എയ്ഡഡ് സ്കൂളുകളില്‍ കുട്ടികള്‍ കുറഞ്ഞത്. കഴിഞ്ഞ വർഷം ഒന്നില്‍ 2,98,067 പേരുണ്ടായിരുന്നത് ഈ വർഷം 2,98,848 ആയി.

ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പ്രവേശനം നേടിയവരുടെ എണ്ണത്തിലും സർക്കാർ, എയ്ഡഡ് സ്കൂളുകളില്‍ കുട്ടികള്‍ കുറഞ്ഞപ്പോള്‍ അണ്‍എയ്ഡഡില്‍ കൂടി. കഴിഞ്ഞ വർഷം സർക്കാർ സ്കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ ആകെയുണ്ടായിരുന്നത് 12,23,554 കുട്ടികള്‍. ഇത്തവണ 11,60,579 ആയാണ് കുറഞ്ഞത്. കുറവ് 62,975 കുട്ടികള്‍.

എയ്ഡഡില്‍ കഴിഞ്ഞ വർഷം 21,81,170 കുട്ടികള്‍ ഉണ്ടായിരുന്നത് ഇത്തവണ 21,27,061 ആയി; കുറഞ്ഞത് 54,109. അണ്‍എയ്ഡഡില്‍ കഴിഞ്ഞ വർഷം 3,41,923 കുട്ടികള്‍ ഉണ്ടായിരുന്നത് ഇത്തവണ 3,55,967 ആയി; വർധിച്ചത് 14,044 കുട്ടികള്‍.

Leave a Reply

Your email address will not be published. Required fields are marked *