‘അപകടരഹിത’ ഓഫിസുകളെ ആദരിക്കാൻ കെ.എസ്.ഇ.ബി

 ജീവനക്കാരുടെ അനാസ്ഥയടക്കം വിവിധ കാരണങ്ങളാല്‍ വൈദ്യുത അപകടങ്ങള്‍ വർധിക്കുന്നതിനിടെ ‘അപകട രഹിത’ ഓഫിസുകളെ ആദരിക്കാൻ തീരുമാനമെടുത്ത് കെ.എസ്.ഇ.ബി.

വൈദ്യുത അപകടങ്ങള്‍ കുറയ്ക്കാൻ ഇടപെടണമന്ന വകുപ്പു മന്ത്രിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് കെ.എസ്.ഇ.ബിയുടെ ‘സീറോ ആക്സിഡന്‍റ്’ സെഷൻ, സബ് ഡിവിഷൻ, ഡിവിഷൻ ഓഫിസുകളെ തെരഞ്ഞെടുത്ത് ആദരിക്കാനുള്ള തീരുമാനം.

അവാർഡ് ലഭിക്കുന്ന ഓഫിസുകളില്‍ ഈ വിവരം എല്ലാവരും കാണുംവിധം പ്രദർശിപ്പിക്കണം. ആകെയുള്ള 776 സെക്ഷൻ ഓഫിസുകളില്‍ 400ല്‍ അധികം സെക്ഷൻ ഓഫിസുകള്‍ക്ക് കീഴില്‍ 2023ല്‍ അപകടങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടരഹിത ഓഫിസുകളുടെ മാതൃക മറ്റ് ഓഫിസുകള്‍ പിന്തുടരണമെന്ന സന്ദേശംകൂടി നല്‍കുകയാണ് ആദരിക്കലിന്‍റെ ലക്ഷ്യം. 2020ല്‍-554, 2021-ല്‍ 563, 2022-ല്‍ 480, 2023-ല്‍ 401 എന്നിങ്ങനെ വൈദ്യുത അപകടങ്ങള്‍ ഉണ്ടായതായാണ്കണക്കുകള്‍.

പൊട്ടിക്കിടക്കുന്ന വൈദ്യുത ലൈനില്‍നിന്ന് ഷോക്കേറ്റടക്കമുള്ള അപകടങ്ങളടക്കം വർധിക്കുന്നതില്‍ കെ.എസ്.ഇ.ബിക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഒടുവില്‍ പറമ്ബില്‍പൊട്ടിക്കിടന്ന വൈദ്യുതി കമ്ബിയില്‍ തട്ടി വയോധികൻ ഷോക്കേറ്റ് മരിച്ച സംഭവവുമുണ്ടായി. ഇതിന് പിന്നാലെയാണ് അപകട രഹിത ഓഫിസുകളെ തെരഞ്ഞെടുക്കാനുള്ള പദ്ധതി. തെരഞ്ഞെടുക്കപ്പെട്ട ഓഫിസുകളുടെ ചുമതലക്കാരെയും ജീവനക്കാരെയും വൈദ്യുതഭവനിലും ബന്ധപ്പെട്ട മറ്റ് ഓഫിസുകളിലും വെച്ച്‌ ആദരിക്കും. ഇവർക്ക് അനുമോദന സർട്ടിഫിക്കറ്റും മെമന്‍റോയും നല്‍കും. 2024ലെ വൈദ്യുത സുരക്ഷാവാരാചരണവുമായി ബന്ധപ്പെട്ടാവും ആദരവ്. അതേസമയം, വൈദ്യുത അപകടങ്ങള്‍ കുറയ്ക്കാൻ കാര്യക്ഷമമായ പ്രവർത്തന പദ്ധതി താഴേതട്ടിലടക്കം നടപ്പാക്കാൻ കെ.എസ്.ഇ.ബി സന്നദ്ധമാകുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *