വിവാഹത്തിന് വിസമ്മതിച്ച കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ വനിതാ ഡോക്ടർ അറസ്റ്റില്‍.ബിഹാറിലെ സരണ്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് 25 കാരിയായ വനിതാ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തത്. പരിക്കേറ്റ യുവാവ് പട്‌ന മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ബിഹാറിലെ മഥൗര ബ്ലോക്കിലെ വാർഡ് കൗണ്‍സിലറാണ് പരിക്കേറ്റ യുവാവ്.
കഴിഞ്ഞ അഞ്ച് വർഷമായി യുവാവുമായി ബന്ധമുണ്ടെന്നും എന്നാല്‍ വിവാഹം കഴിക്കാൻ വിസമ്മതിക്കുകയായിരുന്നുവെന്നും പ്രതിയായ വനിതാ ഡോക്ടർ പൊലീസിനോട് പറഞ്ഞു. തുടർന്ന് രജിസ്റ്റർ വിവാഹം ചെയ്യാമെന്ന് യുവാവ് സമ്മതിച്ചു. ഇതനുസരിച്ച് വിവാഹത്തിനായി ഡോക്ടർ കോടതിയിലെത്തിയെങ്കിലും യുവാവ് എത്തിയില്ല.വിവാഹം മുടങ്ങിയതിന് പിന്നാലെ യുവാവിനെ വനിതാഡോക്ടർ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഈസമയത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് കൗണ്‍സിലർ കട്ടിലില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്.ഹാജിപ്പൂരില്‍ സ്വദേശിയായ പ്രതിയായ വനിതാ ഡോക്ടറെന്ന് പൊലീസ് പറഞ്ഞു. മഥൗരയിലാണ് ഇവർ പ്രാക്ടീസ് ചെയ്യുന്നത്. ഇരുവരും അവിവാഹിതരാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.