വേനലവധി; വിമാനത്താവളത്തില്‍ തിരക്കേറി

ഖത്തരികള്‍ അവധിക്കാലം ചെലവഴിക്കാൻ വിദേശത്ത് പോകുന്നതും സ്കൂള്‍ അടച്ചപ്പോള്‍ പ്രവാസി കുടുംബങ്ങള്‍ നാട്ടിലേക്ക് പോകുന്നതും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് വർധിപ്പിച്ചു.

സ്വദേശികള്‍ തുർക്കിയ, ഇംഗ്ലണ്ട്, ആസ്ട്രിയ, ബോസ്നിയ ആൻഡ് ഹെർസഗോവിന, സ്വിറ്റ്സർലാൻഡ്, ജോർജിയ, യു.എസ്, തായ്‍ലാൻഡ്, മലേഷ്യ, ഈജിപ്ത്, ജോർഡൻ, ജി.സി.സി രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് കൂടുതലായി പോകുന്നത്. ഇതില്‍ തന്നെ തുർക്കിയ, ഇംഗ്ലണ്ട് എന്നിവയാണ് കൂടുതല്‍ പേരും തെരഞ്ഞെടുക്കുന്നത്.

രാജ്യത്തെ കനത്ത ചൂട് കാരണം ചൂട് മിതമായതും തണുപ്പുള്ളതുമായ രാജ്യങ്ങളിലേക്കാണ് ഖത്തരികള്‍ പ്രധാനമായും പോകുന്നത്. വിവിധ യൂറോപ്യൻ നഗരങ്ങളില്‍ നടക്കുന്ന പ്രധാന സ്‌പോർട്‌സ് ടൂർണമെന്റുകളും ചാമ്ബ്യൻഷിപ്പുകളും നടക്കുന്നതിനാല്‍ ടിക്കറ്റ് നിരക്കും ഹോട്ടല്‍ ചെലവുകളും കൂടുതലാണ്. അതുകൊണ്ടുതന്നെ പതിവായി യൂറോപ്പില്‍ പോകാറുള്ള പലരും ഇത്തവണ മലേഷ്യ, തായ്‍ലൻഡ്, മാലദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര മാറ്റിയിട്ടുണ്ട്. വിദേശത്ത് പോകുന്ന ഖത്തരികള്‍ക്കായി വിദേശകാര്യ മന്ത്രാലയം വിവിധ മാർഗനിർദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വില കൂടിയ വസ്തുക്കളും ആഡംബര വാച്ചുകളും ആഭരണങ്ങളും ധരിക്കരുത്, വലിയ തുക പണമായി കൈയില്‍ കരുതരുത്- പകരം ബാങ്ക് കാർഡുകള്‍ ഉപയോഗിക്കുക, യാത്രാ ചെലവ് ലാഭിക്കാനായി നേരത്തെ ആസൂത്രണം നടത്തണം, താമസം-ഹോട്ടല്‍ ബുക്കിങ് -കാർ വാടകക്കെടുക്കല്‍ തുടങ്ങിയവക്ക് അംഗീകൃതവും അറിയപ്പെടുന്നവരുമായ ഏജന്റുമാരെ ബന്ധപ്പെടണം,

വിശ്വസനീയമായ വെബ്സൈറ്റുകള്‍ ഉപയോഗിക്കണം തുടങ്ങിയ നിർദേശങ്ങളാണ് നല്‍കിയത്. തിരക്ക് നിയന്ത്രിക്കാനാവശ്യമായ കരുതല്‍ നടപടികള്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്. എങ്കിലും ചെക്കിൻ, സുരക്ഷ പരിശോധന, ബോർഡിങ് നടപടികള്‍ എന്നിവക്ക് കൂടുതല്‍ സമയമെടുക്കും. യാത്രക്കാർ വിമാനത്താവളത്തില്‍ എത്തുന്നതിന് മുമ്ബുതന്നെ ഓണ്‍ലൈനായി ചെക്ക് ഇൻ ചെയ്യുന്നത് ചെക്ക് ഇൻ കൗണ്ടറിലെ തിരക്ക് കുറക്കാൻ സഹായിക്കും. ചെക്ക് ഇൻ, സുരക്ഷ പരിശോധന, ബോർഡിങ് നടപടികള്‍ എന്നിവക്ക് കൂടുതല്‍ സമയമെടുക്കുമെന്നതിനാല്‍ നേരത്തെയെത്താൻ നിർദേശമുണ്ട്.

ഓണ്‍ലൈൻ ചെക്ക് ഇൻ, സെല്‍ഫ് സർവിസ് സൗകര്യം തുടങ്ങിയവ പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ നിർദേശിച്ചു. ഖത്തർ എയർവേസ് യാത്രക്കാർക്ക് വിമാനത്താവളത്തിലെ ചെക്കിൻ, ബാഗ് ഡ്രോപ് എന്നിവക്ക് സെല്‍ഫ് സർവിസ് സൗകര്യമുണ്ട്. 18 വയസ്സിന് മുകളിലുള്ളവർക്ക് വേഗത്തില്‍ ക്ലിയറൻസിന് ഇ-ഗേറ്റ് മെഷീൻ ഉപയോഗിക്കാം.

ലഗേജുകള്‍ അനുവദിക്കപ്പെട്ട തൂക്കത്തിന്റെയും വലുപ്പത്തിന്റെയും പരിധിയിലാണെന്ന് നേരത്തേ ഉറപ്പുവരുത്തണം. അല്ലെങ്കില്‍ ചെക്കിൻ നടപടികള്‍ വൈകാനും അധിക ഫീസ് ഈടാക്കാനും കാരണമാകും. ആളുകളെ ഇറക്കാനും കൊണ്ടുപോകാനും ഷോർട്ട് ടേം കാർ പാർക്ക് ഉപയോഗിക്കാനും അനുയോജ്യമാണെങ്കില്‍ പൊതുഗതാഗത സംവിധാനം ഉപയോഗിക്കാനും അധികൃതരുടെ നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *