ധാന്യപ്പൊടിയുടെയും തവിട് അടക്കമുള്ള ഉല്‍പന്നങ്ങളുടെയും വിലവർധന മൂന്നുമാസത്തേക്ക് മരവിപ്പിക്കാൻ ബഹ്‌റൈൻ ഫ്ലോർ മില്‍സ് കമ്ബനി (ബി.എഫ്.എം) തീരുമാനിച്ചു.
പാർലമെന്റ് അംഗങ്ങളുടെയും സർക്കാർ പ്രതിനിധികളുടെയും കമ്ബനി അധികൃതരുടെയും സംയുക്ത യോഗത്തിലാണ് വിലവർധന മൂന്നുമാസത്തേക്ക് മരവിപ്പിക്കാൻ കമ്ബനി തയാറായത്. പാർലമെന്‍റ് അധ്യക്ഷൻ അഹ്മദ് ബിൻ സല്‍മാൻ അല്‍ മുസല്ലം, ശൂറ കൗണ്‍സില്‍ അധ്യക്ഷൻ അലി ബിൻ സാലിഹ് അസ്സാലിഹ്, ശൂറ കൗണ്‍സില്‍, പാർലമെന്‍റ് കാര്യ മന്ത്രി ഗാനിം ബിൻ ഫദ്ല്‍ അല്‍ ബുഐനൈൻ, ടെലികോം, ഗതാഗത മന്ത്രി മുഹമ്മദ് ബിൻ ഥാമിർ അല്‍ കഅ്ബി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച.
ബഹ്റൈൻ ഫ്ലോർ മില്‍സ് കമ്ബനി ചെയർമാൻ ബാസിം മുഹമ്മദ് അസ്സാഈ അടക്കം കമ്ബനിയുടെ ഭാഗത്തുനിന്നുള്ള പ്രതിനിധികളും കന്നുകാലി കർഷകരുടെയും വ്യാപാരികളുടെയും പ്രതിനിധികളും ചർച്ചയില്‍ സന്നിഹിതരായിരുന്നു. മാവിന് 35 ശതമാനം മുതല്‍ 100 ശതമാനം വരെ വില വർധനയാണ് ബഹ്‌റൈൻ ഫ്ലോർ മില്‍സ് കമ്ബനി (ബി.എഫ്.എം) പ്രഖ്യാപിച്ചിരുന്നത്. അംഗീകൃത ബേക്കറികള്‍ക്കുള്ള സബ്‌സിഡി ഉല്‍പന്നങ്ങളുടെ വില വർധിപ്പിക്കില്ലെന്ന് കമ്ബനി ഇന്നലെയും ആവർത്തിച്ചു. പൊതുവിപണിയില്‍ മൈദക്ക് രണ്ടു ദിനാറിലധികം വില വർധിച്ചിരുന്നു.
ഗോതമ്ബ് വില ആഗോള തലത്തില്‍ വർധിച്ചതിനാല്‍ വില വർധിപ്പിക്കാതെ മാർഗമില്ലെന്ന നിലപാടിലായിരുന്നു കമ്ബനി. റഷ്യ-യുക്രെയ്ൻ സംഘർഷവും വില വർധനക്ക് കാരണമായെന്ന് പറയുന്നു. മാവിന്റെ വില വർധന റൊട്ടി, പേസ്ട്രികള്‍, പീസ്സ, മധുരപലഹാരങ്ങള്‍, കന്നുകാലിത്തീറ്റ എന്നിവയുള്‍പ്പെടെ നിരവധി ഭക്ഷ്യ വസ്തുക്കളുടെ വില ഉയരാനിടയാക്കുമെന്ന് നിരവധി എം.പിമാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
വിലവർധന മൂന്നു മാസത്തേക്ക് മാറ്റിവെക്കുന്നത് വിഷയത്തില്‍ മറ്റു പരിഹാര മാർഗങ്ങള്‍ ആലോചിക്കാൻ അധികാരികള്‍ക്ക് സമയം നല്‍കുമെന്ന് സ്പീക്കർ മുസല്ലം പറഞ്ഞു. കുടുംബങ്ങള്‍ക്കു മാത്രമല്ല, കന്നുകാലി ഫാമുകള്‍ക്കും വ്യാപാരികള്‍ക്കും വർധനയുടെ ആഘാതമുണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു.