അധിക സമയത്തേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീണ്ട നാടകീയ പോരിനൊടുവില്‍ സ്ലോവേനിയയെ വീഴ്ത്തി പോർച്ചുഗല്‍ യൂറോ കപ്പിന്റെ ക്വാർട്ടറില്‍.
അധിക സമയത്തു തന്നെ മത്സരം ജയിക്കാനുള്ള സുവർണാവസരം പോർച്ചുഗലിനുണ്ടായിരുന്നു. എന്നാല്‍ സൂപ്പർ താരവും നായകനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനാല്‍റ്റി നഷ്ടപ്പെടുത്തി പൊട്ടിക്കരഞ്ഞു നില്‍ക്കുന്ന രംഗമാണ് ലോകമെമ്ബാടുമുള്ള ആരാധകർ കണ്ടത്.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തുടരെ മൂന്ന് കിക്കുകള്‍ തടുത്തിട്ട് ഒടുവില്‍ ഗോള്‍ കീപ്പർ ഡീഗോ കോസ്റ്റ ഹീറോയായി മാറി പോർച്ചുഗലിനെ അവസാന എട്ടിലേക്ക് കൈപിടിച്ചു കയറ്റി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പോർച്ചുഗലിനായി കിക്കുകളെടുത്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബ്രൂണോ ഫെർണാണ്ടസ്, ബർണാഡോ സില്‍വ എന്നിവർ തുടരെ മൂന്ന് കിക്കുകള്‍ വലയിലിടുകയും ചെയ്തതോടെ 3-0ത്തിനു മത്സരം ജയിച്ചാണ് പോർച്ചുഗലിന്റെ മുന്നേറ്റം. ക്വാർട്ടറില്‍ പോർച്ചുഗലിനു ഫ്രാൻസാണ് എതിരാളികള്‍.
നിശ്ചിത സമയത്തും അധിക സമയത്തും അസാമാന്യ പ്രതിരോധമാണ് സ്ലോവേനിയ പുറത്തെടുത്തത്. നിരന്തരം ആക്രമണങ്ങള്‍ പോർച്ചുഗല്‍ നടത്തിയെങ്കിലും ഗോള്‍ കീപ്പറും നായകനുമായ അത്‍ലറ്റിക്കോ മാഡ്രിഡ് താരം യാൻ ഒബ്ലാക്കിന്റെ കിടിലൻ സേവുകളും സ്ലോവേനിയയെ രക്ഷിച്ചെടുത്തു. റൊണാള്‍ഡോയുടെ അധിക സമയത്തെ പെനാല്‍റ്റി തടഞ്ഞതടക്കം മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടുന്നതില്‍ ഒബ്ലാക്ക് വിജയിച്ചു. എന്നാല്‍ ഷൂട്ടൗട്ടില്‍ ഒരു താരത്തിനും പന്ത് വലയിലിടാൻ കോസ്റ്റ അനുവദിച്ചില്ല. കിട്ടിയ അവസരം നിശ്ചിത, അധിക സമയങ്ങളില്‍ ഗോളാക്കാൻ സ്ലോവേനിയയും ശ്രമിച്ചെങ്കിലും ഡീഗോ കോസ്റ്റ അവിടെയും മാഹാമേരുവായി നിലകൊണ്ടു.
ആദ്യ പകുതിയില്‍ റൊണാള്‍ഡോ മനോഹര നീക്കങ്ങളുമായി കളം നിറഞ്ഞു. ഫ്രീ കിക്കടക്കമുള്ള അവസരങ്ങളും പോർച്ചുഗലിനു ലഭിച്ചു. റൊണാള്‍ഡോ എടുത്ത അതിലൊരു ഫ്രീകിക്ക് നേരിയ വ്യത്യാസത്തില്‍ ബാറിനു മുകളിലൂടെ പോയി.
രണ്ടാം പകുതിയിലും പോർച്ചുഗല്‍ കടുത്ത ആക്രമണം അഴിച്ചുവിട്ടു. സ്ലോവേനിയ ഒരുനിലയ്ക്കും വിട്ടുകൊടുക്കാൻ ഒരുക്കമായില്ല. രണ്ടാം പകുതിയിലും റൊണാള്‍ഡോയുടെ ഒരു കിടിലൻ ഫ്രീകിക്ക് കണ്ടു. എന്നാല്‍ യാൻ ഒബ്ലാക്ക് അതും തട്ടിയകറ്റി. റാഫേല്‍ ലിയോ, പകരക്കാരനായി വന്ന ഡീഗോ ജോട്ട എന്നിവരെല്ലാം സ്ലോവേനിയ പ്രതിരോധത്തെ മറികടന്നു മുന്നേറാൻ നോക്കിയെങ്കിലും ഒന്നും വിജയം കണ്ടില്ല. പോർച്ചുഗല്‍ നീക്കങ്ങളുടെ ഗതി കൃത്യമായി അളന്നു സ്ലോവേനിയ പ്രതിരോധ പൂട്ട് ഉറപ്പിച്ചു നിർത്തുന്ന കാഴ്ചയാണ് മത്സരത്തിലുടനീളം കണ്ടത്.
മത്സരം അധിക സമയത്തേക്ക് നീണ്ടു. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങള്‍ മാത്രമുള്ളപ്പോഴാണ് പോർച്ചുഗലിനു അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. പകരക്കാരനായി ഇറങ്ങിയ ജോട്ടയെ പെനാല്‍റ്റി ബോക്സില്‍ വീഴ്ത്തിയതിനാണ് റഫറി പോർച്ചുഗലിനു അനുകൂലമായി വിസില്‍ ഊതിയത്. എന്നാല്‍ കിക്കെടുത്ത റോണോയ്ക്ക് പിഴച്ചു. ഗംഭീര ഡൈവിലൂടെ ഒബ്ലാക്ക് റൊണാള്‍ഡോയുടെ കിക്ക് തടുത്തിട്ടു. അവസരം നഷ്ടപ്പെടുത്തിയതിന്റെ കുറ്റബോധത്തില്‍ റോണോ പൊട്ടിക്കരഞ്ഞു. സഹ താരങ്ങള്‍ നായകനെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.
അധിക സമയത്തിന്റെ രണ്ടാം പകുതിയില്‍ സ്ലോവേനിയക്കും കിട്ടി ഒരു സുവർണാവസരം. ഗോള്‍ കീപ്പർ കോസ്റ്റ മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച അവസരം പക്ഷം ബെഞ്ചമില്‍ സെസ്കോ നഷ്ടപ്പെടുത്തി. ഈ ഘട്ടത്തിലും കോസ്റ്റയാണ് ഹീറോയായത്. സെസ്കോയുടെ കിക്ക് താരം അവിശ്വസനീയമാം വിധം നിഷ്പ്രഭമാക്കി. ഒടുവില്‍ തീരുമാനം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. പോർച്ചുഗലിന്റെ കിക്കെടുത്ത മൂന്ന് പേരും ലക്ഷ്യം കണ്ടപ്പോള്‍ സ്ലോവേനിയയുടെ മൂന്ന് കിക്കുകളും ഡീഗോ കോസ്റ്റ തടുത്തിട്ട് ടീമിനെ ക്വാർട്ടറിലേക്ക് നയിച്ചു.