യൂറോ കപ്പ് പ്രീക്വാർട്ടറില്‍ നെതർലൻഡ്സിന് ഇന്ന് റുമേനിയൻ വെല്ലുവിളി. കഷ്ടിച്ച് ഗ്രൂപ് ഘട്ടം കടന്നെത്തിയ നെതർലൻഡ്സിന് ഗ്രൂപ് ചാമ്ബ്യന്മാരായെത്തിയവരുമായാണ് ചൊവ്വാഴ്ചത്തെ മത്സരം.
എന്നിട്ടും, പ്രവചനങ്ങളില്‍ ഡച്ചുപട തന്നെ ഒരു പണത്തൂക്കം മുന്നില്‍. ആദ്യ മത്സരം യുക്രെയ്നെതിരെ 3-0ത്തിന് ജയിച്ചാണ് ഇത്തവണ യൂറോയില്‍ റുമേനിയ തുടങ്ങിയത്.
പിന്നീടൊന്നും ശരിയാകാത്തവർ ബെല്‍ജിയത്തിനെതിരെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍ക്കുകയും സ്ലോവാക്യയുമായി 1-1ന് സമനില പാലിക്കുകയും ചെയ്തു. നാലു ടീമും തുല്യമായി നാലു പോയന്റ് പങ്കിടുകയെന്ന ചാമ്ബ്യൻഷിപ് ചരിത്രം കുറിച്ചാണ് ഒടുവില്‍ യുക്രെയ്ൻ ഒഴികെ ഗ്രൂപ്പിലെ മൂന്നുപേർ നോക്കൗട്ടിലെത്തിയത്.
മറുവശത്ത്, പോളണ്ടിനെതിരെ 2-1ന് ജയിച്ചായിരുന്നു നെതർലൻഡ്സ് തുടക്കം. കരുത്തരായ ഫ്രാൻസിനോട് ഗോള്‍രഹിത സമനിലയില്‍ കുരുങ്ങിയവർ അവസാന മത്സരത്തില്‍ ഓസ്ട്രിയക്ക് മുന്നില്‍ 2-3ന് മുട്ടുമടക്കി.
ഓസ്ട്രിയ ഗ്രൂപ്പില്‍ ഒന്നാമന്മാരായപ്പോള്‍ ഫ്രാൻസ് രണ്ടാമന്മാരായും ഡച്ചുകാർ മികച്ച മൂന്നാമന്മാരായും കടന്നുകൂടി. നോക്കൗട്ട് ജയിക്കുന്നവർക്ക് അടുത്ത ശനിയാഴ്ച ക്വാർട്ടർ ഫൈനലില്‍ ഓസ്ട്രിയ-തുർക്കി മത്സര ജേതാക്കളുമായാകും കളി. ഓസ്ട്രിയതന്നെ ആയാല്‍ ചാമ്ബ്യൻഷിപ്പില്‍ മധുരപ്രതികാരത്തിന് അവസരം കൂടിയാകും.
റുമേനിയക്ക് ഇത് രണ്ടാം തവണയാണ് യൂറോ നോക്കൗട്ട്. 2000ത്തില്‍ അവർ ക്വാർട്ടർ വരെയെത്തിയിരുന്നു. നെതർലൻഡ്സ് ആകട്ടെ, 1988ല്‍ കപ്പുയർത്തിയവരാണ്. ചൊവ്വാഴ്ച മറ്റൊരു പ്രീക്വാർട്ടറില്‍ ഓസ്ട്രിയക്ക് കറുത്ത കുതിരകളായ തുർക്കിയയാണ് എതിരാളികള്‍.