കോപ്പ അമേരിക്ക ഫുട്ബോള്‍ പോരാട്ടത്തില്‍ ഉറുഗ്വെയുടെ അപരാജിത കുതിപ്പ്. തുടരെ മൂന്നാം ജയത്തോടെ ഗ്രൂപ്പ് സി ചാമ്ബ്യന്മാരായ അവര്‍ ക്വാര്‍ട്ടറില്‍.
ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബൊളീവിയയെ തകര്‍ത്ത് പാനമയും ക്വാര്‍ട്ടറിലെത്തി. രണ്ടാം സ്ഥാനക്കാരായാണ് അവരുടെ മുന്നേറ്റം.
മാഴ്സലോ ബിയേല്‍സയുടെ തന്ത്രത്തില്‍ ഇറങ്ങിയ ഉറുഗ്വെ ആതിഥേയരായ അമേരിക്കയെ മറുപടിയില്ലാത്ത ഒറ്റ ഗോളിനു വീഴ്ത്തിയാണ് തുടരെ മൂന്നാം ജയം സ്വന്തമാക്കിയത്.
കളിയുടെ ആദ്യ പകുതി ഗോള്‍ രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് ഉറുഗ്വെ വിജയ ഗോള്‍ വലയിലിട്ടത്. 66ാം മിനിറ്റില്‍ നാപ്പോളി യുവ പ്രതിരോധ താരം മത്യാസ് ഒലിവേരയാണ് ഉറുഗ്വെയ്ക്ക് വിജയ ഗോള്‍ സമ്മാനിച്ചത്.
മൂന്നടിച്ച് പാനമ
ഒന്നാം പകുതിയില്‍ ഒരു ഗോളിനു മുന്നില്‍ നിന്ന പാനമയെ രണ്ടാം പകുതിയില്‍ ബൊളീവിയ സമനിലയില്‍ തളച്ചു. എന്നാല്‍ പിന്നീട് രണ്ട് ഗോളുകള്‍ കൂടി നേടി പാനമ വിജയമുറപ്പിക്കുകയായിരുന്നു.
22ാം മിനിറ്റില്‍ ജോസ് ഫജാര്ഡോയാണ് പാനമയ്ക്ക് ലീഡ് സമ്മാനിച്ചത്. 69ാം മിനിറ്റില്‍ ബൊളീവിയ സമനില പിടിച്ചു. ബ്രുണോ മിരാന്‍ഡയാണ് സ്കോറര്‍. 79ാം മിനിറ്റില്‍ എഡ്വാര്‍ഡോ ഗുരേരോ ഇഞ്ച്വറി ടൈമില്‍ സെസാര്‍ യാനിസ് എന്നിവര്‍ പന്ത് വലയിലിട്ട് ജയം ഉറപ്പാക്കി.