സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധം ഊർജിതമാക്കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
ഇടപെടലിലൂടെ മഞ്ഞപ്പിത്ത വ്യാപനം തടയാനായെന്നും മലപ്പുറം ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ച് ആരും ചികിത്സയിലില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ടി വി ഇബ്രാഹിം എംഎല്‍എക്ക് നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്കിയ സമയത്താണ് ഇക്കാര്യം മന്ത്രി പറഞ്ഞത് .
പകർച്ചവ്യാധികളുടെ വ്യാപനത്തിന് ഉയർന്ന സാധ്യതയുള്ള ഇടമാണ് കേരളം. വർഷം മുഴുവൻ നീണ്ടുനില്‍ക്കുന്ന ജാഗ്രത പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. ജാഗ്രത കലണ്ടർ പ്രകാരമുള്ള പ്രവർത്തനം ഈ വർഷം തുടക്കം തന്നെ ചെയ്തിരുന്നു. പകർച്ചവ്യാധി വ്യാപനത്തിന്റെ തോത് വിലയിരുത്തി തുടർപ്രവർത്തനങ്ങള്‍ നടത്തിവരികയാണ്. എല്ലാ മാസവും മന്ത്രിതലത്തില്‍ പകർച്ചവ്യാധി വ്യാപനം വിലയിരുത്തുന്നുണ്ട്.
ദ്രുത കർമ്മ സേനയുടെ പ്രവർത്തനം സംസ്ഥാനത്ത് കൃത്യമായി നടന്നുവരുന്നുണ്ട്. വെള്ളി, ശനി, ഞായർ ദിവസങ്ങളില്‍ ഡ്രൈ ഡേ ആചരിക്കുന്നു. ഡെങ്കിപ്പനി വ്യാപനവും എലിപ്പനി വ്യാപനവും പിടിച്ചുനിർത്തുന്നതിന് സാധിച്ചു. കൊതുക് നശീകരണ പ്രവർത്തനങ്ങള്‍ തുടർന്ന് വരുന്നു. പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മനുഷ്യരിലേക്ക് പകരാതിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.