വീട്ടില്‍ കവർച്ചശ്രമം നടന്നതായി പരാതി. എളമ്ബേരം എറങ്കോപൊയില്‍ സ്വദേശി ബാലകൃഷ്‌ണന്റെ വീട്ടില്‍ സ്ഥാപിച്ച സി.സി.ടി.വി ദിശമാറിയത് ശ്രദ്ധയില്‍പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കവർച്ച നടത്താൻ ഒരാള്‍ ശ്രമിക്കുന്നതിന്റെ സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യം കണ്ടത്.
കഴിഞ്ഞ ശനിയാഴ്‌ച പുലർച്ചയാണ് സംഭവം. ഇത് വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടിരുന്നില്ല.
ബാലകൃഷ്ണന്റെ വിദേശത്തുള്ള മകന്റെ ഫോണില്‍ വീട്ടിലെ സി.സി.ടി.വി കാമറയുടെ ദിശ മാറിയത് ശ്രദ്ധയില്‍പെട്ടതിനെത്തുടർന്നാണ് വീട്ടില്‍ വിളിച്ചറിയിച്ചത്. തുടർന്ന് പരിശോധിച്ചപ്പോള്‍ വീടിന് ചുറ്റും ഒരാള്‍ നടക്കുന്നതിന്റെയും സി.സി.ടി.വി കാമറ തിരിച്ചുവെക്കുന്നതിന്റെയും ദൃശ്യം ലഭിച്ചു. ഇതില്‍നിന്ന് കുപ്രസിദ്ധ കവർച്ചക്കാരൻ ഷാജഹാനാണ് കവർച്ചക്കെത്തിയതെന്ന് മനസ്സിലായിട്ടുണ്ട്.
ബൈജു, സലിം എന്നീ പേരുകളിലും അറിയപ്പെടുന്ന ഇയാളെ മാസങ്ങള്‍ക്കുമുമ്ബ് കവർച്ചക്കേസില്‍ കണ്ണൂർ പൊലീസ് പിടികൂടിയിരുന്നു. തൃശൂർ, കോട്ടയം പൊലീസ് സ്റ്റേഷൻ പരിധികളിലായി 35ഓളം പവൻ ആഭരണം കവർച്ച ചെയ്ത കേസിലും പ്രതിയാണ് ഇയാള്‍. കവർച്ചക്കിടയില്‍ വീട്ടുകാർ ഉണർന്നാല്‍ ആക്രമിക്കാനും മടിയില്ലാത്തയാളാണ് ഷാജഹാനെന്നും എളമ്ബേരം, ശ്രീമാന്യമംഗലം, പൂവം തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.