കാലവർഷം ശക്തമായതോടെ ജില്ലയില്‍ പനിയടക്കം പകർച്ചവ്യാധികള്‍ വ്യാപകമായി. വൈറല്‍പനി ബാധിച്ച് ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്.
ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വൻവർധനയുണ്ട്. എലിപ്പനിയും മഞ്ഞപ്പിത്തവും പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യുന്നതും ആശങ്കക്കിടയാകുന്നു. പനിബാധിതരുടെ എണ്ണം കൂടിയതോടെ സർക്കാർ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ചികിത്സ കേന്ദ്രങ്ങളില്‍ നിന്നുതിരിയാൻ ഇടമില്ലെന്ന സ്ഥിതിയാണ്. ആയിരക്കണക്കിനാണ് ആളുകളാണ് ദിവസേന പനി ബാധിച്ച് ചികിത്സ തേടുന്നത്.
വൈറല്‍പനി ബാധിച്ച് മാത്രം തിങ്കളാഴ്ച 465 പേരാണ് സർക്കാർ ആശുപത്രികളില്‍ ചികിത്സ തേടിയത്. ജൂണില്‍ 6752 പേർ വൈറല്‍ പനി ബാധിച്ചു ജില്ലയില്‍ ചികിത്സ തേടിയതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. സ്വകാര്യ ക്ലിനിക്കുകള്‍, സ്വകാര്യ ആശുപത്രികള്‍, ഹോമിയോ, ആയുർവേദ കേന്ദ്രങ്ങളില്‍ ചികിത്സതേടിയവരുടെ എണ്ണം കൂടി നോക്കിയാല്‍ പനിബാധിതരുടെ കണക്ക് ഇതിലും വർധിക്കും. പനി, ചുമ, ജലദോഷ ലക്ഷണങ്ങളുമായി ചികിത്സക്കെത്തുന്ന കുട്ടികളുടെയും വയോധികരുടെയും എണ്ണവും കൂടിയിട്ടുണ്ട്.
ജൂണില്‍ ജില്ലയില്‍ 98 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഒമ്ബത് പേർക്ക് എലിപ്പനിയും 23 പേർക്ക് മഞ്ഞപ്പിത്തവും (ഹെപ്പറ്റൈറ്റിസ് എ) റിപ്പോർട്ട് ചെയ്തു. വയറിളക്ക രോഗങ്ങളെത്തുടർന്ന് ജൂണില്‍ 1311 പേർ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളില്‍ ചികിത്സ തേടി. ജില്ലയില്‍ പനിയും പകർച്ചവ്യാധികളും ആശങ്ക വിതക്കുമ്ബോഴും പല സർക്കാർ ആശുപത്രികളിലും ആവശ്യത്തിനു ഡോക്ടർമാരും ജീവനക്കാരും അനുബന്ധ സ്റ്റാഫുകളും ഇല്ലാത്തതും ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തതയും രോഗികളെ വലക്കുന്നു.
മഴക്കാല പകർച്ചവ്യാധികള്‍ക്കെതിരെ മുൻകരുതലായി പൊതുജനങ്ങള്‍ വ്യക്തിശുചിത്വം, പരിസരശുചിത്വം, ആഹാരശുചിത്വം എന്നിവ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. വൈറസ്, ഫംഗസ്, ബാക്ടീരിയ തുടങ്ങിയ ഒട്ടുമിക്ക രോഗകാരികളും ഏറ്റവും കൂടുതല്‍ പെരുകുന്നത് മഴക്കാലത്താണ്. മഴ കൂടുംതോറും കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചികുൻഗുനിയ തുടങ്ങിയവ വർധിക്കാനുള്ള സാഹചര്യമുണ്ടാകും.
അതിനാല്‍ വീടിനു ചുറ്റും കൊതുകു വളരാനുള്ള സാഹചര്യം ഇല്ലാതാക്കണം. ആഹാരവും വെള്ളവും മലിനമാകുന്നതുവഴി ജലജന്യ രോഗങ്ങളായ വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവക്കുള്ള സാധ്യതയും ഏറെയാണ്. തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുകയും ഭക്ഷണ സാധനങ്ങള്‍ നന്നായി പാകം ചെയ്ത് അടച്ചുസൂക്ഷിക്കുകയും ചെയ്യണം. രോഗാണുബാധിതരായ എലി, കന്നുകാലി, മറ്റു വളർത്തുമൃഗങ്ങള്‍ എന്നിവയുടെ മൂത്രം കലർന്ന വെള്ളത്തിലൂടെയാണ് എലിപ്പനി പകരുന്നത്.
അതിനാല്‍ മലിനജലവുമായുള്ള സമ്ബർക്കം പരമാവധി ഒഴിവാക്കണം. ഇത്തരം ജോലികളില്‍ ഏർപ്പെടുന്നവർ സുരക്ഷാ ഉപാധികള്‍ നിർബന്ധമായും ധരിക്കണം. പനി ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സിക്കാതെ തുടക്കത്തില്‍തന്നെ ഡോക്ടറുടെ സഹായം തേടണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.