പ്ലസ്‌വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ഇന്നു മുതല്‍

പ്ലസ്‌വണ്‍ മുഖ്യഅലോട്ട്മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷിക്കുവാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിന് ജൂലൈ രണ്ടിനു രാവിലെ 10 മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.

സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും ഇന്നു രാവിലെ ഒമ്ബതിന് അഡ്മിഷൻ വെബ്‌സൈറ്റായ https://hscap.kerala.gov.in/ -ല്‍ പ്രസിദ്ധീകരിക്കും. നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികള്‍ക്കും മുഖ്യഘട്ടത്തില്‍ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോണ്‍-ജോയിനിങ്ങ് ആയവർ) പ്രവേശനം ക്യാൻസല്‍ ചെയ്തവർക്കും ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സർട്ടിഫിക്കറ്റ് (റ്റി.സി) വാങ്ങിയവർക്കും ഈ ഘട്ടത്തില്‍ വീണ്ടും അപേക്ഷിക്കുവാൻ സാധിക്കില്ല.

ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച ശേഷവും എല്ലാ അപേക്ഷകരും അപേക്ഷാവിവരങ്ങള്‍ പരിശോധിക്കണമെന്നും ഓപ്ഷനുകള്‍ ഉള്‍പ്പടെ അപേക്ഷയിലെ ലോഗിൻ വിവരങ്ങള്‍ ഒഴികെയുള്ള ഏതുവിവരവും തിരുത്തുന്നതിന് സമയം അനുവദിച്ചിരുന്നുവെങ്കിലും അവസരങ്ങളൊന്നും പ്രയോജനപ്പെടുത്താതിരുന്നതിനാല്‍ തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്മെന്റില്‍ പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. അപേക്ഷകളിലെ പിഴവുകള്‍ തിരുത്തി വേണം അപേക്ഷ പുതുക്കേണ്ടത്. മെറിറ്റ് ക്വാട്ടയുടെ സപ്ലിമെന്ററി അലോട്ട്മെന്റിനോടൊപ്പം മോഡല്‍ റസിഡെൻഷ്യല്‍ സ്‌കൂളുകളിലേയ്ക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷയും ക്ഷണിക്കുന്നതാണ്. സപ്ലിമെന്ററി അലോട്ട്മെന്റുകളെ സംബന്ധിച്ചു വിശദനിർദ്ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും.

അപേക്ഷകർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കുവാനും മറ്റും വേണ്ട നിർദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും സ്‌കൂള്‍ ഹെല്‍പ്‌ ഡെസ്‌കുകളിലൂടെ നല്‍കാൻ വേണ്ട സജ്ജീകരണങ്ങള്‍ സ്‌കൂള്‍ പ്രിൻസിപ്പല്‍മാർ സ്വീകരിക്കേണ്ടതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *