രാത്രി ടെന്റ് കെട്ടിയും ആളുകള്‍ കാത്തിരിക്കുന്നു, കിട്ടിയാല്‍ കാശും വയറും നിറയും

ഇടവപ്പാതി പെയ്‌ത്തില്‍ നാട്ടിലെ ജലാശയങ്ങള്‍ നിറഞ്ഞതോടെ മീൻ പിടിത്തത്തിന്റെ ആവേശത്തില്‍ യുവത്വം. കലങ്ങിമറിഞ്ഞൊഴുകുന്ന പുതുവെള്ളത്തില്‍ ധാരാളം മീൻകയറിവരുന്ന സമയമാണിത്.

ചെമ്ബല്ലി, കട്‌ല, റോഗ്, ചേറുമീൻ, തിലോപ്പിയ, ചൊട്ടവാള, മുഷി എന്നീ ഇനം മീനാണ് സാധാരണ ലഭിക്കുക. ഡസൻ കണക്കിന് ചൂണ്ടയുമായി എത്തുന്നവർ ഏറെ നേരം കാത്തിരുന്നാണ് മീൻ പിടിച്ച്‌ മടങ്ങുന്നത്.

വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവർ പുഴയോരത്ത് തമ്ബടിച്ച്‌ മീൻപിടിക്കും. വീശുവല, കോരുവല, ചൂണ്ട എന്നിവയുപയോഗിച്ചാണ് മീൻപിടിത്തം. രാത്രി ടെന്റുകെട്ടി കാത്തുകിടന്നും മീൻപിടിക്കുന്നവരുണ്ട്. ഈ ദിവസങ്ങളില്‍ പുഴയോരം സജീവമാണ്.വയലോരങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്ന പുല്‍മേടുകളിലേക്കും ചെറുമത്സ്യങ്ങള്‍ കൂട്ടമായെത്തും.

ട്രോളിംഗ് നിരോധന കാലത്ത് വയനാട്ടുകാരുടെ മുഖ്യആശ്രയം പുഴമീൻ തന്നെ. ബീച്ചനഹള്ളി അണക്കെട്ട് ഭാഗത്ത് വലയിട്ടുപിടിക്കുന്ന മത്സ്യം രാവിലെ തന്നെ ജില്ലയിലെ വിവിധ മാർക്കറ്റുകളിലെത്തും. ബീച്ചനഹള്ളി അണക്കെട്ടില്‍ ധാരാളം മീനുണ്ട്. വർഷാവർഷം കോടിക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെ അണക്കെട്ടില്‍ നിക്ഷേപിക്കാറുമുണ്ട്. പെരിക്കല്ലൂർ, മരക്കടവ്, ബാവലി, ബൈരക്കുപ്പ, കൊളവള്ളി എന്നീ അതിർത്തി പ്രദേശങ്ങളിലും പുഴമീൻ ലഭ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *