സംസ്ഥാനത്ത് സര്‍ക്കാര്‍ സര്‍വീസില്‍ മുസ്‌ലിംകള്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം ലഭിച്ചില്ല; രേഖകള്‍ പുറത്ത്

സംസ്ഥാനത്ത് സര്‍ക്കാര്‍ സര്‍വീസില്‍ സാമുദായിക പ്രാതിനിധ്യം വ്യക്തമാക്കുന്ന രേഖകള്‍ നിയമസഭയില്‍ അവതരിപ്പിച്ച്‌ സര്‍ക്കാര്‍.

മുസ്‌ലിം വിഭാഗങ്ങള്‍ക്ക് കേരളത്തിലെ സര്‍ക്കാര്‍ സര്‍വീസില്‍ മതിയായ പ്രാതിനിധ്യമില്ലെന്ന് തെളിയിക്കുന്ന ഔദ്യോഗിക കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. നിയമസഭയിലെ ചോദ്യത്തിന് മറുപടിയായി സംസ്ഥാന സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട രേഖകളിലാണ് വിവരമുള്ളത്.

സംവരണമുണ്ടായിട്ടും മുസ്‌ലിംകള്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം ലഭിച്ചിട്ടില്ല. കേരള സ്റ്റേറ്റ് കമ്മീഷന്‍ ഫോര്‍ ബാക്ക്‌വേഡ് ക്ലാസസിന്റെ (കെ എസ് സി ബി സി) റിപോര്‍ട്ടിലാണ് മുസ്‌ലിം, ലത്തീന്‍ ക്രിസ്ത്യന്‍, പട്ടിക ജാതി, പട്ടിക വര്‍ഗം അടക്കമുള്ളവരുടെ പിന്നാക്കാവസ്ഥ വ്യക്തമാക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് ആകെയുള്ള 5,45,423 സ്ഥിരം സര്‍ക്കാര്‍ ജീവനക്കാരുടെ മതം, ജാതി തിരിച്ചുള്ള ജീവനക്കാരുടെ റിപോര്‍ട്ട് സര്‍ക്കാര്‍ ജോലിയില്‍ നിലനില്‍ക്കുന്ന അസന്തുലിതാവസ്ഥ വ്യക്തമാക്കുന്നതാണ്. സംവരണേതര വിഭാഗത്തില്‍ മുന്നാക്ക ഹിന്ദു വിഭാഗങ്ങളില്‍ നിന്നാണ് സര്‍ക്കാര്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ജോലി ചെയ്യുന്നത്. നായര്‍, മേനോന്‍, കുറുപ്പ് അടക്കമുള്ള മുന്നാക്ക ഹിന്ദുവിഭാഗത്തില്‍ നിന്ന് 1,08,012 പേരും ബ്രാഹ്മണ വിഭാഗത്തില്‍ നിന്ന് 7,112 പേരുമാണുള്ളത്.

അതായത് ആകെ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണത്തിന്റെ 21.01 ശതമാനം മുന്നാക്ക ഹിന്ദുക്കളില്‍ നിന്നാണ്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠനങ്ങള്‍ പ്രകാരം ജനസംഖ്യയില്‍ 12.5 ശതമാനമാണ് നായര്‍ സമുദായം. ഇതനുസരിച്ച്‌ മുന്നാക്ക ഹിന്ദുവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട വിഹിതത്തേക്കാള്‍ 36.86 ശതമാനം കൂടുതല്‍ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം, മുന്നാക്ക ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് 73,714 പേരാണ് സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നത്. ആകെ ജീവനക്കാരുടെ 13.51 ശതമാനം വരുമിത്. എന്നാല്‍ മുന്നാക്ക ഹിന്ദു, മുന്നാക്ക ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ചേര്‍ന്നാല്‍ ആകെ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണത്തിന്റെ 33.31 ശതമാനം വരും. ലത്തീന്‍ വിഭാഗത്തില്‍ നിന്ന് 22,542 പേരാണ് ജോലി ചെയ്യുന്നത്. 4.13 ശതമാനം മാത്രമാണ് അവരുടെ പ്രാതിനിധ്യം.

പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് മതം മാറിയ 2,399 പേരും നാടാര്‍ ക്രിസ്ത്യന്‍ വിഭാഗത്തിലെ 929 പേരും ജോലി ചെയ്യുന്നുണ്ട്. നാല് വിഭാഗത്തിലുമായി ആകെ ക്രിസ്ത്യന്‍ വിഭാഗത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ 99,583 പേര്‍. ഇത് ആകെ ജീവനക്കാരുടെ 18.25 ശതമാനമാണ്. 2011 ലെ സെന്‍സസ് കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ ക്രിസ്തുമത വിശ്വാസികള്‍ 18.38 ശതമാനമാണ്. സര്‍ക്കാര്‍ ജോലിയില്‍ ഏറ്റവും വലിയ കുറവ് നേരിടുന്ന വിഭാഗം മുസ്‌ലിംകളാണ്. മുസ്‌ലിം വിഭാഗത്തില്‍ നിന്ന് ആകെയുള്ളത് 73,774 പേര്‍ മാത്രം. അഥവാ 13.52 ശതമാനം. കേരളത്തിലെ ജനസംഖ്യയില്‍ 26.9 ശതമാനം മുസ്‌ലിം ജനവിഭാഗമാണെന്നാണ് കണക്ക്. ആനുപാതിക പ്രാതിനിധ്യം പ്രകാരം മുസ്‌ലിം സമുദായത്തിന് 102 ശതമാനത്തിന്റെ കുറവാണ് ഉള്ളത്.

സര്‍ക്കാര്‍ സര്‍വീസില്‍ സംവരണം ഉണ്ടായിട്ടും മുസ്‌ലിം പ്രാതിനിധ്യത്തില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള 51,783 പേരാണ് സര്‍ക്കാര്‍ സര്‍വീസിലുള്ളത്. പത്ത് ശതമാനത്തില്‍ താഴെയാണ് (9.49 ശതമാനത്തില്‍ താഴെ) സര്‍ക്കാര്‍ മേഖലയില്‍ അവരുടെ സാന്നിധ്യം. സര്‍ക്കാര്‍ സര്‍വീസിലെ പട്ടിക വര്‍ഗ വിഭാഗത്തിന്റെ സാന്നിധ്യവും ഏറെ പിന്നിലാണ്. 10,513 പേര്‍. 1.92 ശതമാനത്തില്‍ ചുരുങ്ങി അവരുടെ പ്രാതിനിധ്യം. ജനസംഖ്യയില്‍ പട്ടിക ജാതി വിഭാഗം 9.10 ശതമാനവും പട്ടിക വര്‍ഗ വിഭാഗം 1.45 ശതമാനവും വരും. കേരളത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ലഭിക്കാത്തത് മുസ്‌ലിം വിഭാഗത്തിന് മാത്രമാണെന്നാണ് ഈ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ഏറെക്കുറെ ജനസംഖ്യക്ക് അനുസൃതമായി സര്‍ക്കാര്‍ സര്‍വീസ് പ്രാതിനിധ്യം ലഭിച്ചിട്ടുള്ള ഏക വിഭാഗം ഈഴവരാണ്. ഈഴവ വിഭാഗത്തില്‍നിന്ന് 1,15,075 പേരാണ് സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നത്. ആകെ ജീവനക്കാരുടെ 21.09 ശതമാനം. പരിഷത്ത് കണക്കുകള്‍ പ്രകാരം 22.2 ശതമാനമാണ് ഈഴവ ജനസംഖ്യ. കുറവ് 1.11 ശതമാനം മാത്രം. സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതലുള്ളതും ഈഴവരാണ് 1.15 ലക്ഷം. ഈഴവരും മുന്നാക്ക ഹിന്ദുവിഭാഗങ്ങളും കൂടി ചേര്‍ന്നാല്‍ ജീവനക്കാരുടെ എണ്ണം 2.30 ലക്ഷം വരും. ആകെ ജീവനക്കാരില്‍ 42 ശതമാനവും നായര്‍, ഈഴവ, ബ്രാഹ്മണ്‍ സമുദായത്തില്‍ നിന്ന് മാത്രമാണ്. കേരളത്തിലെ വിവിധ സമുദായങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ ജോലിയില്‍ നിലനില്‍ക്കുന്ന കടുത്ത അസമത്വം വെളിപ്പെടുത്തുന്നതാണ് റിപോര്‍ട്ട്.

സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, എയ്ഡഡ്, സ്വയംഭരണം, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യ കണക്കുകള്‍ തയാറാക്കാന്‍ പിന്നാക്ക വിഭാഗ കമ്മീഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന e-CDESK ആണ് ഈ കണക്കുകള്‍ താറാക്കിയിരിക്കുന്നത്. 2024 ജൂണ്‍ 19 വരെയുള്ള കണക്കുകള്‍ പ്രകാരമാണ് റിപോര്‍ട്ട്്. കേരളത്തില്‍ ആദ്യമായാണ് സര്‍ക്കാര്‍ ജീവനക്കാരുടെ സാമുദായിക പ്രാതിനിധ്യത്തെക്കുറിച്ചുള്ള കണക്ക് ഔദ്യോഗികമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. നിലവില്‍ e-CDESK റിപോര്‍ട്ട് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *