പള്ളിക്കലില്‍ നാല് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

141 പേര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പള്ളിക്കലില്‍ നാല് വിദ്യാർഥികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു.

സ്‌കൂള്‍ കിണറ്റിലെ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ ഉയര്‍ന്ന അളവിലുള്ള സാന്നിധ്യവും കണ്ടെത്തി. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി ലാബില്‍നിന്നുള്ള പരിശോധന റിപ്പോര്‍ട്ടിലാണ് ഷിഗെല്ല സ്ഥിരീകരണം.

കോഴിപ്പുറം വെണ്ണായൂര്‍ എ.എം.എല്‍.പി സ്‌കൂളിലെ 127 വിദ്യാർഥികള്‍ക്കും മൂന്ന് അധ്യാപകര്‍ക്കും ചില രക്ഷിതാക്കള്‍ക്കുമാണ് ദിവസങ്ങള്‍ക്കുമുമ്ബ് ഭക്ഷ്യവിഷബാധയുണ്ടായത്. സ്‌കൂള്‍ മൂത്രപ്പുരയില്‍നിന്ന് നിശ്ചിത അകലത്തിലല്ലാത്ത കിണര്‍ വെള്ളത്തിലാണ് കൂടുതല്‍ അളവില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് കിണര്‍ വെള്ളവും മലവും പരിശോധനക്കയച്ചത്.

തിങ്കളാഴ്ച പരിശോധനഫലം പള്ളിക്കല്‍ കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ്. സന്തോഷ് സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറി. സ്‌കൂളില്‍ ഉപയോഗിച്ച തൈര്, അച്ചാര്‍ എന്നിവയുടെ സാമ്ബ്ള്‍ കോഴിക്കോട്ടെ ലാബിലേക്ക് പരിശോധനക്കയച്ചു. ഇതിന്റെ ഫലംകൂടി വന്നാല്‍ ഭക്ഷ്യവിഷബാധയുടെ കാരണം വ്യക്തമാകും. വിദ്യാർഥികള്‍ക്ക് പനി, വിറയല്‍, ഛർദി, വയറിളക്കം, തലവേദന തുടങ്ങിയവയാണ് അനുഭവപ്പെട്ടിരുന്നത്.

വെണ്ണായൂർ എ.എം.എല്‍.പി സ്കൂള്‍ വിദ്യാർഥികളില്‍നിന്ന് ശേഖരിച്ച നാലു സാമ്ബിളുകളില്‍ ഷിഗെല്ല സ്ഥിരീകരിച്ചതായി പരിശോധനഫലം ലഭിച്ചിട്ടുണ്ടെന്ന് ഡി.എം.ഒയും അറിയിച്ചു. സ്കൂളിലും പരിസരങ്ങളിലും ആവശ്യമായ ജാഗ്രതനിർദേശം നല്‍കി. പൊതുജനങ്ങള്‍ അതീവശ്രദ്ധ പുലർത്തണമെന്ന് ഡി.എം.ഒ അറിയിച്ചു. വയറിളക്കരോഗങ്ങളുടെ പ്രധാന കാരണമാണ് ഷിഗെല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ. കൂടുതലും കുട്ടികളെയാണ് ബാധിക്കുന്നത്. ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത് മലിനജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ്. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്ബർക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും. മഞ്ഞപ്പിത്തം, ഷിഗെല്ല തുടങ്ങിയ ജലജന്യരോഗങ്ങള്‍ റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ ഇത്തരം രോഗങ്ങള്‍ക്കും ഭക്ഷ്യവിഷബാധകള്‍ക്കുമെതിരെ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *