കൈക്കൂലി കേസില്‍ വിജിലൻസ് പ്രതി ചേർത്ത തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ഇന്ന് രാജിവയ്ക്കും. കുമ്ബംകല്ല് ബിടിഎം എല്‍പി സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്‍കുന്നതിന് അസിസ്റ്റന്റ് എൻജിനിയർ ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ സ്കൂള്‍ അധികൃതർ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വിജിലൻസ്, ചെയർമാനെ രണ്ടാം പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
കേസില്‍ വിജിലൻസിന് മുമ്ബാകെ ഇന്ന് ഹാജരാകാൻ നോട്ടീസ് ലഭിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച ചേർന്ന സിപിഐ എം മുനിസിപ്പല്‍ പാർലമെന്ററി പാർട്ടി യോഗത്തില്‍ ചെയർമാൻ സനീഷ് ജോർജ് രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. അന്വേഷണ വിധേയമായി മാറിനില്‍ക്കണമെന്നായിരുന്നു പാർട്ടി തീരുമാനവും. സ്വകാര്യ സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്‍കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ അസിസ്റ്റൻറ് എൻജിനീയർ അജി സി.റ്റിയും ഇടനിലക്കാരനായി പ്രവർത്തിച്ച കോണ്ട്രാക്ടർ റോഷനും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
സംഭവത്തില്‍ പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നഗരസഭ ചെയർമാൻ സനീഷ് ജോർജിനെ രണ്ടാം പ്രതിയാക്കി കേസെടുത്തിരുന്നു. നഗരസഭ ചെയർമാൻ സനീഷ് ജോർജാണ് ഇവരോട് എ.ഇയ്ക്ക് പണം നല്കിയാല് മതി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്‍കുമെന്ന് ഇവരോട് പറഞ്ഞുവെന്ന പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തുടർന്ന് അറസ്റ്റിലായ മറ്റു പ്രതികളുടെ ചോദ്യം ചെയ്യലിലും ഇതു ബലപ്പെടുത്തുന്ന വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇന്ന് നടക്കുന്ന ചോദ്യം ചെയ്യല്‍. കൂടുതല്‍ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമെ ചെയർമാനെ അറസ്റ്റു ചെയ്യുന്ന കാര്യ തീരുമാനിക്കുകയുള്ളു ഡിവൈ.എസ്.പി പറഞ്ഞു.
ഒരു മാസം മുമ്ബ് നല്കിയ അപേക്ഷ
ഇടനിലക്കാരൻ മുഖേന നഗരസഭയിലെത്തി പണം കൈമാറുന്നതിനിടെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. തൊടുപുഴയ്ക്ക് സമീപം കുമ്മംകല്ലിലുള്ള സ്വകാര്യ സ്കൂളിന്റെ ഫിറ്റ്നസ് ആവശ്യത്തിനായി ഒരു മാസം മുമ്ബ് അപേക്ഷ നല്‍കിയിരുന്നു. എ.ഇ ഇവിടെയത്തി പരിശോധന നടത്തിയെങ്കിലും ഫിറ്റ്നസ് നല്കാൻ തയാറായില്ല. പിന്നീട് സ്കൂള്‍ അധികൃതർ പല തവണ സർട്ടിഫിക്കറ്റിനായി സമീപിച്ചെങ്കിലും നല്‍കിയില്ല. തുടർന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജാണ് ഇവരോട് എ.ഇ യ്ക്ക് പണം നല്കിയാല് മതി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്‍കുമെന്ന് ഇവരോട് പറഞ്ഞത്. ഇതനുസരിച്ച് എ.ഇ യെ ചെന്നു കണ്ടപ്പോള്‍ ഒരു ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു.
ഇത്രയും ഭീമമായ തുകയായതിനാല്‍ സ്കൂള്‍ മാനേജർ വിദേശത്തുള്ള സ്കൂളിന്റെ ഉടമയെ ബന്ധപ്പെട്ടു. ഇദ്ദേഹവും അസിസ്റ്റന്റ് എൻജിനീയറുമായി ബന്ധപ്പെട്ടെങ്കിലും കൈക്കൂലി ആവശ്യത്തില്‍ എ.ഇ ഉറച്ചു നിന്നു. തുടർന്ന് അജിയുടെ സുഹൃത്ത് റോഷൻ വഴിയാണ് പണം കൈപ്പറ്റുന്നതിനിടെയാണ് പിടിയിലായത്. ആദ്യം പണവുമായി എ.ഇ യുടെ മുറിയിലെത്തിയെങ്കിലും ഇവിടെ സി.സി ടി.വിയുള്ളതിനാല്‍ മറ്റൊരിടത്ത് വെച്ച് വാങ്ങുകയായിരുന്നു. സ്കൂള്‍ മാനേജരുടെ പരാതിയിലാണ് നടപടി.
ഇടുക്കി വിജിലൻസ് ഡി.വൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അറസ്റ്റിലായ പ്രതികള്‍ റിമാൻഡിലാണ്. സംഭവത്തെ തുടർന്ന് പ്രതിപക്ഷ പാർട്ടികളായ യു.ഡി.എഫിന്റെയും ബിജെപിയുടെയും നേതൃത്വത്തില്‍ ചെയർമാന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധ സമരങ്ങള്‍ നടന്നിരുന്നു. ഇതേ തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി വർഗീസ് ചെയർമാനെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. തുടർന്നാണ് അന്വേഷണം നടത്തും വരെ രാജി വയ്ക്കാൻ ആവശ്യപ്പെട്ടത്.