കാട്ടാക്കട(തിരുവനന്തപുരം): കാട്ടാക്കട കെ.എസ്.ആർ.ടി.സി. വാണിജ്യ സമുച്ചയത്തിനുള്ളിലെ സംഘർഷത്തിനിടെ വിദ്യാർഥികളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ മൂന്ന് പ്രതികളെക്കൂടി കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു.
അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളികളും കട്ടയ്ക്കോട് സ്വദേശികളുമായ അബിൻ(19), സജിത്ത് (22), ഡ്രൈവറായ അനുരാജ്(20) എന്നിവരാണ് അറസ്റ്റിലായത്.
ഇതോടെ കേസിലെ 11 പ്രതികളില്‍ ഒന്നാം പ്രതി അഭിഷേക് ഉള്‍പ്പെടെ നാലു പേർ അറസ്റ്റിലായി. ബാക്കിയുള്ള പ്രതികളില്‍ അഞ്ചു പേരെക്കൂടി തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച വൈകീട്ടാണ് വാണിജ്യസമുച്ചയത്തിനുള്ളില് വിദ്യാർഥികള്‍ ഏറ്റുമുട്ടിയത്. നെയ്യാർഡാം ആർ.പി.എം. സഹകരണ കോളേജിലെ ബിരുദ വിദ്യാർഥിയാണ് ഒന്നാം പ്രതി അഭിഷേക്. ഈ കോളേജിലെ വിദ്യാർഥികളായ ആദിശ് (19), അനു(19), ശ്രീറാം(19) എന്നിവരെയാണ് അഭിഷേകും സുഹൃത്തുക്കളും ചേർന്ന് വാണിജ്യ സമുച്ചയത്തില്‍വെച്ച് ക്രൂരമായി മർദിച്ചത്. അഭിഷേകിന്റെ മൊബൈല്‍ ഫോണ്‍ അനുവിന്റെ കൈ തട്ടി നിലത്തുവീണ് ഗ്ലാസ് പൊട്ടിയതിനെ തുടർന്നായിരുന്നു മർദനം.