രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ് സംഹിത നിലവില്‍ വന്നശേഷമുള്ള ആദ്യ കേസ് രജിസ്റ്റർ ചെയ്ത് ഡല്‍ഹി പോലീസ്.
റോഡ് തടസപ്പെടുത്തിയതിന് തെരുവുകച്ചവടക്കാരനെതിരെയാണ് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസെടുത്തത്. ഭാരതീയ ന്യായ് സംഹിതയിലെ 285-ാം വകുപ്പ് പ്രകാരമാണ് കേസ്.
രാത്രിയില്‍ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് തെരുവുകച്ചവടക്കാരൻ കുപ്പിവെള്ളവും പുകയില ഉത്പന്നങ്ങളും വില്‍ക്കുന്നതായി കണ്ടത്. കച്ചവടക്കാരന്റെ താത്കാലിക സ്റ്റാള്‍ റോഡ് തടസമുണ്ടാക്കുമെന്നതിനാല്‍ അത് നീക്കാൻ പോലീസ് ആവശ്യപ്പെട്ടു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വഴങ്ങാത്തതിനെ തുടർന്നാണ് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു. ബിഹാർ സ്വദേശി പങ്കജ് കുമാറാണ് രാജ്യത്തെ ഭാരതീയ ന്യായ് സംഹിത പ്രകാരം രജിസ്റ്റർചെയ്ത ആദ്യ കേസിലെ പ്രതി.
ഞായറാഴ്ച അർധരാത്രി മുതലാണ് ഇന്ത്യയില്‍ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. ഇതോടെ 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി) ചരിത്രമായി. ഒപ്പം ക്രിമിനല്‍ നടപടിക്രമം (സിആർ.പി.സി), ഇന്ത്യൻ തെളിവുനിയമം എന്നിവയും അസാധുവായി.
ഐ.പി.സിക്ക് പകരം ഭാരതീയ ന്യായ് സംഹിത (ബി.എൻ.എസ്), സിആർ.പി.സിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്), തെളിവുനിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ അധീനിയം (ബി.എസ്.എ) എന്നിവയാണ് രാജ്യത്ത് നിലവില്‍വന്നത്.
കഴിഞ്ഞവർഷം ഓഗസ്റ്റ് 12-നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റില്‍ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്. അപാകതകള്‍ പരിഹരിച്ച് ഡിസംബർ 13-ന് പുതുക്കി അവതരിപ്പിച്ചു. ഡിസംബർ 25-ന് രാഷ്ട്രപതി അംഗീകാരം നല്‍കി.