എമിറേറ്റിലെ സുപ്രധാന പൊതുഗതാഗത സംവിധാനമായ ദുബൈ മെട്രോ, ട്രാം സംവിധാനങ്ങള്‍ വിപുലീകരിക്കാൻ പദ്ധതി. 2040ഓടെ നിലവിലുള്ള മെട്രോ, ട്രാം സ്റ്റേഷനുകള്‍ ഇരട്ടിയിലേറെ വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ദുബൈ എക്സിക്യൂട്ടിവ് കൗണ്‍സിലിന്റെ യോഗത്തിലാണ് വിശാല സാമ്ബത്തിക പദ്ധതികളുടെ ഭാഗമായി ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവില്‍ ദുബൈയില്‍ റെഡ്, ഗ്രീൻ ലൈനുകളിലായി 55 മെട്രോ സ്റ്റേഷനുകളും 11 ട്രാം സ്റ്റേഷനുകളുമാണുള്ളത്. 2030ഓടെ ഇത് 140 കി.മീറ്റർ നീളത്തില്‍ വികസിപ്പിച്ച് 96 സ്റ്റേഷനുകളാക്കും. പിന്നീട് 2040ഓടെ 228 ചതുരശ്ര കി.മീറ്റർ മേഖലയില്‍ ഉള്‍ക്കൊള്ളുന്ന രീതിയില്‍ 140 സ്റ്റേഷനുകളാക്കാനും ലക്ഷ്യമിടുന്നു.
ദുബൈയുടെ സുസ്ഥിരതയും ജീവിതനിലവാരവും പ്രോത്സാഹിപ്പിക്കുന്നതിനായി മെട്രോ സ്റ്റേഷനുകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങള്‍ക്കായുള്ള പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായാണ് ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പൊതുഗതാഗതം 45 ശതമാനമായി വർധിപ്പിക്കുക, കാർബണ്‍ പുറന്തള്ളുന്നത് കുറച്ചുകൊണ്ടുവരുക, നടത്തം പ്രോത്സാഹിപ്പിക്കാനായി പൊതുയിടങ്ങളുടെ ഗുണനിലവാരം ഉയർത്തുക, തണല്‍ വിരിച്ച ഭാഗങ്ങള്‍ വർധിപ്പിക്കുക എന്നിങ്ങനെ വിവിധ കാര്യങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടും. മെട്രോ സ്റ്റേഷനുകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ജനസംഖ്യ വർധിപ്പിക്കുകയും അതിനനുസരിച്ച് താമസ, വാണിജ്യ, ഓഫിസ്, സേവന സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യും.
ദുബൈ മെട്രോയുടെ പുതിയ പാതയായ ബ്ലൂ ലൈൻ 2029ല്‍ നിർമാണം പൂർത്തിയാക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. 30 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ പാതയുടെ നിർമാണത്തിന് അനുമതിയും നല്‍കിയിരുന്നു.
ദുബൈ ക്രീക്കിനെ മുറിച്ച് കടക്കുന്ന വിധമാണ് പുതിയ ബ്ലൂ ലൈൻ മെട്രോ പാത വരുന്നത്. 30 കിലോമീറ്റർ ദൂരമുള്ള പാതയില്‍ 14 സ്റ്റേഷനുകളുണ്ടാകും. രണ്ട് ഇന്റർചേഞ്ച് സ്റ്റേഷനുകളും ഒരു ഐക്കോണിക് സ്റ്റേഷനും ഇതില്‍ ഉള്‍പ്പെടും. ഈ പദ്ധതിയും അടങ്ങുന്നതാണ് മെട്രോ, ട്രാം വികസനത്തിനുള്ള ആസൂത്രണങ്ങള്‍.