എമിറേറ്റ്സ് വിമാനക്കമ്ബനി ജീവനക്കാർക്ക് ജൂലൈ മാസം മുതല്‍ ശമ്ബളം അടക്കം വിവിധ ആനുകൂല്യങ്ങള്‍ വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.
അടിസ്ഥാന ശമ്ബളം, യാത്രബത്ത, യു.എ.ഇ ദേശീയ അലവൻസ്, വിമാന ക്രൂ പ്രവർത്തന സമയ അലവൻസ് എന്നിവയില്‍ നാലു ശതമാനം വർധനവാണ് പ്രധാനമായും പ്രഖ്യാപിച്ചിട്ടുള്ളത്.
അതോടൊപ്പം താമസ, ഉപജീവന അലവൻസ് 10 മുതല്‍ 15 വരെ ശതമാനവും വർധിപ്പിച്ചിട്ടുണ്ട്. പുതിയ ശമ്ബളവും ആനുകൂല്യങ്ങളും സംബന്ധിച്ച വിശദാംശങ്ങള്‍ ജൂലൈ 22ന് നല്‍കുന്ന കരാർ ഭേദഗതി കത്തില്‍ വ്യക്തമാക്കും. ശമ്ബളത്തോടുകൂടിയ പ്രസവാവധി 60ല്‍നിന്ന് 90 ദിവസമാക്കി, അമ്മമാർക്ക് ദിവസേന ലഭിക്കുന്ന നഴ്‌സിങ് ഇടവേളകള്‍ ഒരു മണിക്കൂറില്‍നിന്ന് രണ്ട് മണിക്കൂറാക്കും. ശമ്ബളത്തോടുകൂടിയ പിതൃത്വ അവധി അഞ്ചില്‍ നിന്ന് 10 പ്രവൃത്തി ദിവസമായി വർധിപ്പിക്കും എന്നിങ്ങനെ കൂടുതല്‍ ആനുകൂല്യങ്ങള്‍ പുതിയ മാറ്റത്തില്‍ ഉള്‍പ്പെടും. അതോടൊപ്പം സെപ്റ്റംബർ ഒന്നു മുതല്‍ വിദ്യാഭ്യാസ സഹായ ബത്തയും 10 ശതമാനം വർധിപ്പിക്കുന്നുണ്ട്.
2024 മാർച്ചില്‍ അവസാനിച്ച സാമ്ബത്തിക വർഷത്തിലെ കമ്ബനിയുടെ റെക്കോഡ് ലാഭത്തെ തുടർന്ന് എമിറേറ്റ്‌സ് ഗ്രൂപ് ജീവനക്കാർക്ക് 20 ആഴ്ചത്തെ ശമ്ബളത്തിന് തുല്യമായ ബോണസ് പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ഗ്രൂപ് ആഗോളതലത്തില്‍ റിക്രൂട്ട്‌മെന്‍റ് ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. 160ലധികം രാജ്യക്കാരായ 1,12,406 ജീവനക്കാരാണ് എമിറേറ്റ്സില്‍ പ്രവർത്തിക്കുന്നത്.
സമീപ കാലത്ത് 10 ശതമാനം വർധനവ് ജീവനക്കാരുടെ എണ്ണത്തില്‍ വരുത്തിയിരുന്നു. മുൻ സാമ്ബത്തിക വർഷത്തിന്‍റെ അവസാനത്തില്‍ 1,02,379 ജീവനക്കാരാണുണ്ടായിരുന്നത്.