കോപ്പ അമേരിക്ക ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറി വെനെസ്വേല. മൂന്ന് തുടര്‍ ജയങ്ങളുമായാണ് അവരുടെ മുന്നേറ്റം.
മൂന്നാം പോരാട്ടത്തില്‍ ജമൈക്കയെ 3-0ത്തിനു തകര്‍ത്താണ് അവര്‍ അവസാന എട്ടില്‍ സ്ഥാനമുറപ്പിച്ചത്.
എഡ്വേഡ് ബെല്ലോ, സലോമന്‍ റോന്‍ഡോന്‍, എറിക്ക് റാമിറസ് എന്നിവരാണ് ടീമിനായി വല ചലിപ്പിച്ചത്. ക്വാര്‍ട്ടറില്‍ കാനഡയാണ് വെനെസ്വേലയുടെ എതിരാളികള്‍.
മത്സരത്തില്‍ ആക്രമണം കൂടുതല്‍ നടത്തിയത് വെനെസ്വേലയായിരുന്നു. ടാര്‍ഗറ്റിലേക്ക് മൂന്ന് ഷോട്ടുകളാണ് അവര്‍ അടിച്ചത്. മൂന്നും ഗോളാക്കി മാറ്റാന്‍ സാധിച്ചത് നിര്‍ണായകമായി.
ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. പിന്നീട് രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും വന്നത്.
49ാം മിനിറ്റിലാണ് അവര്‍ ജമൈക്കന്‍ പ്രതിരോധം പൊളിച്ചത്. എഡ്വേഡ് ബെല്ലോയാണ് ടീമിനു ലീഡൊരുക്കിയത്. ഏഴ് മിനിറ്റിനുള്ളില്‍ വെനെസ്വേല രണ്ടാം ഗോളും നേടി. ഇത്തവണ റോന്‍ഡനാണ് വല ചലിപ്പിച്ചത്. ഒടുവില്‍ 85ാം മിനിറ്റില്‍ എറിക്ക് റാമിറസ് പട്ടിക പൂര്‍ത്തിയാക്കി.
അര്‍ജന്റീനയ്ക്ക് ഇക്വഡോര്‍
മറ്റൊരു മത്സരത്തില്‍ മെക്‌സിക്കോയും ഇക്വഡോറും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. നാല് പോയിന്റുമായി രണ്ടാം സ്ഥാനത്തോടെ ഇക്വഡോര്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. മെക്‌സിക്കോയ്ക്കും നാല് പോയിന്റുകളാണെങ്കിലും ഗോള്‍ശരാശരി ഇക്വഡോറിനെ തുണച്ചു. ക്വാര്‍ട്ടറില്‍ ലോകകപ്പ് ചാമ്ബ്യന്‍മാരായ അര്‍ജന്റീനയാണ് ഇക്വഡോറിന്റെ എതിരാളികള്‍.