ദക്ഷിണ ലബനാനില്‍ നിന്ന് ഹിസ്ബുല്ല അയച്ച റോക്കറ്റ് ഗുലാൻ കുന്നിലെ ഇസ്രായേല്‍ സൈനിക കേന്ദ്രത്തില്‍ പതിച്ച് 18 പേർക്ക് പരിക്കേറ്റു.
ഒരു സൈനികന്‍റെ നില ഗുരുതരമാണ്. മെതുല്ല, അപ്പർ ഗലിലീ എന്നിവിടങ്ങളിലെ ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയും ഹിസ്ബുല്ലയുടെ ആക്രമണം നടന്നു.
അതിനിടെ ഇസ്രായേല്‍ സൈന്യം ലബനാന്‍റെ വിവിധ കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി. അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലൻറ് പറഞ്ഞു. സംഘർഷം വ്യാപകമായ സാഹചര്യത്തില്‍ പൗരൻമാരോട് ലബനാനില്‍ നിന്ന് ഉടൻ മടങ്ങാൻ സൗദി അറേബ്യ നിർദേശിച്ചു. ലബനാൻ സ്ഥിതിഗതികള്‍ വിലയിരുത്തിയതായി തുർക്കി, ഇറാൻ നേതാക്കള്‍ അറിയിച്ചു.
യുദ്ധം ഉണ്ടായാല്‍ ലബനാന്‍റെ കൂടെ നിലയുറപ്പിക്കുമെന്ന് ഇറാൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. റഫ ഉള്‍പ്പെടെ ഗസ്സയിലെ വിവിധ ഭാഗങ്ങളിലും ഇസ്രായല്‍ ആക്രമണം രൂക്ഷമാണ്. വ്യോമാക്രമണത്തിനു പുറമെ ഷെല്ലാക്രമണത്തിലും നിരവധി പേർ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിലെ ശുജാഇയയില്‍ നാലാം ദിവസമായ ഇന്നലെയും ഇസ്രായേല്‍ ആക്രമണം നടത്തി.ഹമാസ് നിർമിത തുരങ്കങ്ങള്‍ക്കുള്ളിലും പുറത്തുമായി ശക്തമായ ആക്രമണമാണ് തുടരുന്നതെന്ന് സൈന്യം അറിയിച്ചു.
അതേസമയം, തുരങ്കങ്ങളില്‍ ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം മനുഷ്യകവചമാക്കുന്നതിന്‍റെ തെളിവുകള്‍ അല്‍ജസീറ ചാനല്‍ പുറത്തുവിട്ടു. ഫലസ്തീൻ തടവുകാരെയാണ് യുദ്ധത്തില്‍ മനുഷ്യകവചമാക്കി മാറ്റുന്നത്. ശുജാഇയയിലെ തെരുവുകളിലും മറ്റും നിരവധി മൃതദേഹങ്ങള്‍ അനാഥമായി കിടക്കുന്നതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. ഇന്ധനക്ഷാമത്തെ തുടർന്ന് ഗസ്സയിലെ അവശേഷിച്ച പ്രധാന ആശുപത്രിയായ കമാല്‍ അദ്വാനും അടച്ചിടലിന്‍റെ വക്കിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗാലൻറും വ്യക്തമാക്കി. തടവിലുള്ള മുഴുവൻ ഫലസ്തീനികളെയും വെടിവെച്ചു കൊല്ലുകയാണ് വേണ്ടതെന്ന പ്രകോപന പ്രസ്താവനയുമായി മന്ത്രി സ്മോട്രിക് രംഗത്തെത്തി.