ഡെങ്കിപ്പനി: ബംഗളൂരുവില്‍ ഒരു മരണം; ജാഗ്രതയോടെ ആരോഗ്യവകുപ്പ്

ബംഗളൂരുവില്‍ ഡെങ്കിപ്പനി കേസുകള്‍ വർധിക്കുന്നതിനിടെ മരണവും രേഖപ്പെടുത്തി. സി.വി. രാമൻ നഗർ സ്വദേശിയായ 27കാരനാണ് ഡെങ്കി ബാധിതനായി മരണപ്പെട്ടത്.

കഴിഞ്ഞ ആറു മാസത്തിനിടെ ബംഗളൂരുവില്‍ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ഡെങ്കിപ്പനി മരണമാണിതെന്ന് ബി.ബി.എം.പി ചീഫ് ഹെല്‍ത്ത് ഓഫിസർ ഡോ. സയ്യിദ് സിറാജുദ്ദീൻ മദനി അറിയിച്ചു. മരണത്തെതുടർന്ന് ഡെങ്കി പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കാൻ ആരോഗ്യവകുപ്പ് നടപടികള്‍ ആരംഭിച്ചു.

27കാരനെ കൂടാതെ അർബുദ ബാധിതയായ 80കാരിയുടെ മരണവും ഡെങ്കിപ്പനിമൂലമാണെന്ന് ആരോഗ്യവകുപ്പ് സംശയിച്ചിരുന്നു. എന്നാല്‍, അന്തിമ റിപ്പോർട്ടില്‍ ഇവരുടെ മരണം ഡെങ്കിപ്പനിമൂലമല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മണ്‍സൂണ്‍ ആരംഭിച്ചതോടെ സംസ്ഥാനത്ത് പല ജില്ലകളിലും ഡെങ്കി കേസുകള്‍ വർധിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ജനുവരി മുതല്‍ ബംഗളൂരു നഗരത്തില്‍ 1743 ഡെങ്കി കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

സംസ്ഥാനത്താകെ 5374 കേസും അഞ്ചു മരണവും റിപ്പോർട്ട് ചെയ്തിരുന്നു. എല്ലാ ആശുപത്രികളില്‍നിന്നും മരണ കേസുകളുടെ വിവരം ശേഖരിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. കൊതുകുകള്‍ പെരുകുന്നത് തടയാൻ വെള്ളം കെട്ടിനില്‍ക്കുന്ന ഇടങ്ങള്‍ കണ്ടെത്തി നശിപ്പിക്കാൻ ബി.ബി.എം.പി ഡ്രൈഡേ ആചരണം ആസൂത്രണം ചെയ്തിട്ടുണ്ട്. വീടുകള്‍തോറും കയറിയുള്ള ബോധവത്കരണവും വാഹനത്തില്‍ മൈക്ക് അനൗണ്‍സ്മെന്റും ബി.ബി.എം.പി നേതൃത്വത്തില്‍ നടക്കും. അതേസമയം, ബി.ബി.എം.പിയുടെ പുറത്തുവിട്ട ഡെങ്കി കേസുകളുടെ എണ്ണം കൃത്യമല്ലെന്നും ചുരുങ്ങിയത് 40,000 കേസുകളെങ്കിലും ബംഗളൂരുവില്‍ ഡെങ്കിബാധിതരുടേതായുണ്ടെന്നും ആം ആദ്മി പാർട്ടി ചൂണ്ടിക്കാട്ടി. ഡെങ്കി ബാധിതർക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ സൗജന്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *