റെയില്‍വേ മെയില്‍ സർവീസ് കേന്ദ്രം തിരൂരില്‍ നിന്ന് മാറ്റാനുള്ള നീക്കം തത്ക്കാലം ഉപേക്ഷിച്ചു. ആർ എം എസ് കേന്ദ്രം മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് റെയില്‍വേയുടെ പിൻമാറ്റം.
മലപ്പുറം ജില്ലയിലെ 54 തപാല്‍ ഓഫീസുകളില്‍ നിന്നുള്ള തപാലുകള്‍ വേർതിരിക്കുന്നത് തിരൂരിലെ ആർ എം എസ് കേന്ദ്രത്തിലാണ്. തിരൂർ സ്റ്റേഷനില്‍ അമൃത് ഭാരത് വികസന പദ്ധതിയുടെ ഭാഗമായി എസ്കലേറ്റർ നിർമിക്കാനെന്നു പറഞ്ഞാണ് മെയില്‍ സർവീസ് കേന്ദ്രം ഇവിടെ നിന്നും ഒഴിവാക്കാൻ റെയില്‍വേ തീരുമാനിച്ചത്. മലപ്പുറം ജില്ലയിലെ തപാല്‍ വിതരണം താളം തെറ്റിക്കുമെന്നതിനാല്‍ നീക്കത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നു.
എം പി അബ്ദുസമദ് സമദാനി എം പി അടക്കമുള്ള ജനപ്രതിനിധികള്‍ വിഷയത്തില്‍ ഇടപെട്ടു. നവീകരണ പ്രവർത്തനങ്ങള്‍ പൂർത്തിയാകുന്നതോടെ റെയില്‍വേ ലൈനില്‍ തന്നെ ആർ എം എസ് ഓഫീസിന് പുതിയ സ്ഥലം അനുവദിക്കാൻ തീരുമാനമായി. ഇതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.