ജില്ലയിലെ എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് (എം.പി ലാഡ്സ്) ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ ജില്ലയിൽ സമയബന്ധിതമായും വേഗത്തിലും പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അറിയിച്ചു. വിവിധ മണ്ഡലങ്ങളിലെ വികസന പ്രവൃത്തികളുടെ ഫണ്ട് വിനിയോഗത്തിൽ കുറവുണ്ടായെന്ന പ്രചാരണങ്ങളിൽ യാതൊരു വാസ്തവവുമില്ലെന്നും, ഭരണപരമായ നടപടിക്രമങ്ങളും സാങ്കേതിക പരിശോധനകളും പൂർത്തിയാക്കി പദ്ധതി നിർവ്വഹണം കാര്യക്ഷമമായി നടന്നു വരുന്നുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു. 17-ാം ലോക്സഭയുടെ കാലയളവിൽ ജില്ലയിൽ ഭരണാനുമതി നൽകിയ എല്ലാ വികസന പ്രവൃത്തികളും പൂർണ്ണമായി പൂർത്തീകരിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ ‘ഇ-സാക്ഷി’ പോർട്ടൽ വഴി നിർദ്ദേശിക്കപ്പെട്ട പദ്ധതികളിൽ 79 ശതമാനത്തിനും ഇതിനകം ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്. ഭരണാനുമതി ലഭിച്ച പദ്ധതികളിൽ 59 ശതമാനത്തിന്റെ നിർമാണം പൂർത്തിയായപ്പോൾ, അനുവദിച്ച തുകയുടെ 67 ശതമാനവും ചെലവഴിച്ചു കഴിഞ്ഞു. ഫണ്ട് വിനിയോഗ നിരക്ക് ഇനിയും ഉയർത്തുന്നതിനായി എം.പി.മാരുടെ സാന്നിധ്യത്തിൽ പ്രത്യേക അവലോകന യോഗങ്ങൾ ചേരുകയും നിർവ്വഹണ ഏജൻസികൾക്ക് യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ പൂർത്തിയാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
നിലവിലെ 18-ാം ലോക്സഭയുടെ കാലയളവിലും ജില്ലയിലെ വികസന പ്രവൃത്തികൾ മികച്ച വേഗതയിലാണ് പുരോഗമിക്കുന്നത്. പൊന്നാനി മണ്ഡലത്തിൽ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. നിർദ്ദേശിച്ച പദ്ധതികളിൽ 174 എണ്ണത്തിനും (ഏഴ് കോടി രൂപ), മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. നിർദ്ദേശിച്ചവയിൽ 126 എണ്ണത്തിനും (6.94 കോടി രൂപ), വയനാട് മണ്ഡലത്തിന്റെ ഭാഗമായ പ്രദേശങ്ങളിൽ പ്രിയങ്കാ ഗാന്ധി വാദ്ര എം.പി. നിർദ്ദേശിച്ച 17 പദ്ധതികൾക്കും (2.40 കോടി രൂപ) ഭരണാനുമതി ലഭ്യമായിക്കഴിഞ്ഞു. രാജ്യസഭാ എം.പി.മാരായ പി.വി. അബ്ദുൽ വഹാബ് നിർദ്ദേശിച്ച 236 പദ്ധതികൾക്കും (17.83 കോടി രൂപ) പി.പി. സുനീർ നിർദ്ദേശിച്ച 46 പദ്ധതികൾക്കും (4.16 കോടി രൂപ) ഭരണാനുമതി നൽകി പ്രവൃത്തികൾ അതിവേഗം പൂർത്തിയായി വരുന്നു.
ജീവനക്കാരുടെ കുറവ്, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം, പോർട്ടലിലെ സാങ്കേതിക തടസ്സങ്ങൾ എന്നിവ തുടക്കത്തിൽ നിർവ്വഹണ വേഗതയെ നേരിയ തോതിൽ ബാധിച്ചിരുന്നെങ്കിലും നിലവിൽ തടസ്സങ്ങളൊന്നുമില്ലാതെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുകയാണെന്നും ജില്ലാ കലക്ടർ അറിയിച്ചു. മഴക്കാലം കഴിയുന്നതോടെ കൂടുതൽ റോഡ് പ്രവൃത്തികൾ കൂടി പൂർത്തിയാകുന്നതോടെ ഫണ്ട് വിനിയോഗ നിരക്ക് ഇനിയും ഉയരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.


