നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് മസ്തിഷ്കം. ചിന്തകൾ, ഓർമകൾ, വികാരങ്ങൾ, ദിനചര്യകൾ എന്നിവയെല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്. അതുകൊണ്ടുതന്നെ മസ്തിഷ്കത്തിന് ഏൽക്കുന്ന ചെറിയ ആഘാതങ്ങൾ പോലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. ഇതിൽ ഏറ്റവും അപകടകാരിയായ ഒന്നാണ് സ്ട്രോക്ക് (പക്ഷാഘാതം). എന്നാൽ, നാം കഴിക്കുന്ന ഭക്ഷണത്തിൽ അല്പം ശ്രദ്ധ ചെലുത്തിയാൽ സ്ട്രോക്ക് സാധ്യത ഒരു പരിധി വരെ കുറയ്ക്കാനാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.
മെഡിറ്ററേനിയൻ ശൈലിയിലുള്ള ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് സ്ട്രോക്ക് വരാനുള്ള സാധ്യത 40 ശതമാനത്തോളം കുറയ്ക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഒലീവ് ഓയിൽ, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പയറുവർഗ്ഗങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണരീതിയാണിത്. സ്ട്രോക്ക് സാധ്യത കുറയ്ക്കുന്നതിനായി ഓരോ ആഴ്ചയും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അഞ്ച് പ്രധാന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം:
1. സാൽമൺ
മത്സ്യവിഭവങ്ങൾ കഴിക്കുന്നത് സ്ട്രോക്ക് സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുള്ള സാൽമൺ, ട്യൂണ, മത്തി തുടങ്ങിയ മത്സ്യങ്ങൾ ഇതിന് ഏറെ ഫലപ്രദമാണ്.
2. കാപ്പി
രാവിലത്തെ കാപ്പികുടി സ്ട്രോക്ക് തടയാൻ സഹായിക്കുമെന്നാണ് ഡയറ്റീഷ്യൻമാരുടെ അഭിപ്രായം. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ മാത്രമല്ല, ‘ക്ലോറോജെനിക് ആസിഡ്’ പോലുള്ള പോളിഫെനോളുകളും രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. എന്നാൽ കാപ്പി കുടിക്കുമ്പോൾ അമിതമായി മധുരം ചേർക്കുന്നത് ഒഴിവാക്കണം. കാരണം, അമിതമായ പഞ്ചസാരയുടെ ഉപയോഗം സ്ട്രോക്ക് സാധ്യത വർദ്ധിപ്പിച്ചേക്കാം.
3. ചീര
പച്ചക്കറികളിൽ ഏറെ ഗുണമേന്മയുള്ള ഒന്നാണ് ചീര. തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാൻ ചീരയില അടങ്ങിയിരിക്കുന്ന പോഷകങ്ങൾക്ക് കഴിയും. ഫോളേറ്റ്, മഗ്നീഷ്യം എന്നിവയുടെ മികച്ച ഉറവിടമാണിത്. ഉയർന്ന അളവിൽ ഫോളേറ്റ് കഴിക്കുന്നത് സ്ട്രോക്ക് സാധ്യത 17% വരെ കുറയ്ക്കുന്നു. കൂടാതെ, ദിവസേനയുള്ള ഭക്ഷണത്തിൽ ആവശ്യത്തിന് മഗ്നീഷ്യം ഉൾപ്പെടുത്തുന്നതും സ്ട്രോക്ക് സാധ്യത 40 ശതമാനത്തോളം കുറയ്ക്കാൻ സഹായിക്കും.
4. വെള്ളക്കടല
സ്ട്രോക്കിനെ പ്രതിരോധിക്കാൻ ആവശ്യമായ പോഷകങ്ങളാൽ സമ്പന്നമാണ് വെള്ളക്കടല. ഒരു കപ്പ് കടലയിൽ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ B6 അടങ്ങിയിട്ടുണ്ട്. ഫൈബർ, പ്രോട്ടീൻ എന്നിവയുടെ മികച്ച ഉറവിടമായ കടല കറികളായോ, സലാഡുകളായോ, സ്നാക്ക്സ് ആയോ ഒക്കെ ദിവസേനയുള്ള ഭക്ഷണത്തിൽ എളുപ്പത്തിൽ ഉൾപ്പെടുത്താം.
സ്ട്രോക്ക് സാധ്യത കുറയ്ക്കാൻ മറ്റ് ചില വഴികൾ
ഭക്ഷണക്രമം മാറ്റുന്നതിനൊപ്പം തന്നെ ജീവിതശൈലിയിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്:
- വ്യായാമം ശീലമാക്കുക: ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും മിതമായ നിരക്കിലുള്ള വ്യായാമം (നടത്തം, ഓട്ടം തുടങ്ങിയവ) ചെയ്യണമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിർദേശിക്കുന്നു. ഇത് ശരീരഭാരവും രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ സഹായിക്കും.
- പുകവലി ഉപേക്ഷിക്കുക: സ്ട്രോക്ക് സാധ്യത ഇല്ലാതാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്ന് പുകവലി പൂർണ്ണമായും ഉപേക്ഷിക്കുക എന്നതാണ്.
- മദ്യപാനം പരിമിതപ്പെടുത്തുക: മദ്യപാനം രക്തസമ്മർദ്ദവും കൊളസ്ട്രോളും വർദ്ധിപ്പിക്കും. അതിനാൽ മദ്യപാന ശീലം നിയന്ത്രിക്കുകയോ പൂർണമായി ഒഴിവാക്കുകയോ ചെയ്യുക.
- കൃത്യമായ ആരോഗ്യ പരിശോധനകൾ: രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കുക.
സ്ട്രോക്ക് തടയുന്നതിനായി വിലകൂടിയ വിദേശ ഭക്ഷണങ്ങൾ തേടിപ്പോകേണ്ടതില്ല. നമ്മുടെ അടുക്കളയിൽ സാധാരണയായി കാണുന്ന പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കൃത്യമായി ഉൾപ്പെടുത്തിയാൽ തന്നെ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും. സോഡിയത്തിൻ്റെ (ഉപ്പ്) അളവ് കുറയ്ക്കുകയും ഫോളിക് ആസിഡ്, വിറ്റാമിൻ B12, B6, മഗ്നീഷ്യം എന്നിവയടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുകയും ചെയ്യുന്നത് വഴി നമുക്ക് മസ്തിഷ്കാരോഗ്യം മികച്ച രീതിയിൽ സംരക്ഷിക്കാം.


