ശബരിമലയിൽ നടന്ന സ്വർണക്കൊള്ളയ്ക്ക് പിന്നിൽ ഉന്നത തല ഗൂഢാലോചനയുണ്ടെന്നും ദേവസ്വം മന്ത്രിയെ മാറ്റിനിർത്തി അന്വേഷണം കേന്ദ്ര ഏജൻസി ഏറ്റെടുക്കണമെന്നും വിഎച്ച്‌പി സംസ്ഥാന അധ്യക്ഷൻ വിജി തമ്ബി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെയും ഇപ്പോഴത്തെ മന്ത്രി വി.എൻ. വാസവൻ്റെയും ഉറ്റ ചങ്ങാതിയാണ് ഉണ്ണികൃഷ്‌ണൻ പോറ്റി. സ്വർണക്കൊള്ള ദേവസ്വം ബോർഡ് മുൻ കമ്മീഷണർ എൻ. വാസുവിന്റെ മാത്രം ആസൂത്രണമല്ല. പിന്നിൽ പല ഉന്നത രാഷ്ട്രീയനേതാക്കളുടെയും ഗൂഡാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രത്യേക താൽപര്യപ്രകാരമാണ് വാസു ദേവസ്വം ബോർഡ് കമ്മീഷണറായി സ്ഥാനമേറ്റത്. സിവിൽ സർവീസിൽ നിന്നാണ് ദേവസ്വം ബോർഡിലേക്ക് കമ്മിഷണറെ തെരഞ്ഞെടുക്കുന്നത്. അതിൽ നിന്ന് വ്യത്യസ്തമായി സിപിഎമ്മിൻ്റെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വാസു രണ്ടുതവണ ദേവസ്വം കമ്മീഷണറും ഒരു തവണ ദേവസ്വം പ്രസിഡൻ്റുമായിരുന്നു. സുപ്രീം കോടതിയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചതിനു പിന്നിൽ കടുത്ത നാസ്‌തികനായ എൻ. വാസുവായിരുന്നുവെന്നും വിജി തമ്ബി പറഞ്ഞു. ഇപ്പോൾ വാസുവിനെ അറസ്റ്റ് ചെയ്‌തതിന് പിന്നിൽ സിപിഎമ്മിന്റെ രാഷ്ട്രീയ തന്ത്രമാണ്.


