പി എം ശ്രീയില്‍ ഏറ്റവും കൂടുതല്‍ ട്രോളുകളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയ മന്ത്രിയാണ് വി ശിവന്‍കുട്ടി. ഇപ്പോഴിതാ മന്ത്രി ശിവന്‍കുട്ടി സി പി ഐ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കയാണ്. സി പി ഐയുടെ ഓരോ വാക്കുകളും തനിക്ക് കടുത്ത വേദനയുണ്ടാക്കിയെന്നാണ് മന്ത്രി വി ശിവന്‍കുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില്‍ പി എം ശ്രീ പദ്ധതിയെ അനുകൂലിച്ച് രംഗത്തെത്തിയതിന്റെ പേരിലാണ് ശിവന്‍കുട്ടി കടുത്ത രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നത്. സ്വന്തം മുന്നണിയില്‍ നിന്നുള്ള ശക്തമായ ആക്രമണം മന്ത്രി ഒരിക്കലും സിപിഐഎമ്മിനെ ആകെ വേദനിപ്പിച്ചത്. പി എം ശ്രീ വിഷയത്തില്‍ മന്ത്രി ശിവന്‍കുട്ടി വലിയ ആവേശത്തിലായിരുന്നു. 1400 കോടി രൂപ ലഭിക്കുന്നതിന്റെ സന്തോഷം മന്ത്രിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. ‘സന്തോഷം കൊണ്ട് തനിക്കിരിക്കാന്‍ വയ്യേ’ എന്ന അവസ്ഥയിലായിരുന്നു ഈ ദിവസങ്ങളില്‍ മന്ത്രി. എന്നാല്‍ സിപിഐ പിഎം ശ്രീ പദ്ധതിക്കെതിരെ അതിശക്തമായ ചെറുത്തു നില്‍പ്പ് പ്രഖ്യാപിച്ചതോടെ സര്‍ക്കാരിന് വിഷയത്തില്‍ പുനര്‍വിചിന്തനം നടത്തേണ്ടതായി വന്നു. മന്ത്രിസഭാ ബഹിഷ്ക്കരണം ഉള്‍പ്പെടെയുള്ള കടുത്ത നിലപാട് പ്രഖ്യാപിച്ച സിപിഐയെ അനുനയിപ്പിക്കാന്‍ ആദ്യം എം എന്‍ സ്മാരകത്തില്‍ എത്തിയതും മന്ത്രി ശിവന്‍കുട്ടിയായിരുന്നു. മന്ത്രി ജി ആര് അനിലിനേയും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തേയും നേരില്‍ കണ്ട് പി എം ശ്രീയുടെ ഗുണവശങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്നിട്ടും മന്ത്രിയെ സംബന്ധിച്ചിടത്തോളം പൊളിറ്റിക്കലി തിരിച്ചടിയാണ് ഉണ്ടായത്. പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയേണ്ടതായും വന്നു.


