കൂർക്കഞ്ചേരി ജെ പി ഇ എച്ച് എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനം റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു.
അച്ചടക്കത്തോടെ, സാമൂഹ്യ ബോധത്തോടെ പൊതുസമൂഹത്തിന്റെ വേദനകൾ തിരിച്ചറിഞ്ഞുള്ള നല്ല മനുഷ്യരുടെ സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റിലൂടെ സർക്കാർ ആഗ്രഹിക്കുന്നതെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. സ്റ്റുഡന്റ് പോലീസ് കേഡറ്റായി മാറുന്ന കുട്ടികൾ ജീവിതത്തിൽ പുലർത്തുന്ന മര്യാദകളും അച്ചടക്കങ്ങളും സമൂഹത്തിൽ നല്ല അന്തരീക്ഷം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
ജെ.പി. ഇ.എച്ച്. എസിൽ നടന്ന ചടങ്ങിൽ തൃശൂർ സിറ്റി എസ്. പി.സി പ്രൊജക്ട് എ.ഡി.എൻ.ഒ ജ്യാേതിസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ജെ. പി.ഇ. എജുക്കേഷൻ ഏജൻസി മാനേജർ ഇ.ഡി. തോമസ് മുഖ്യപ്രഭാഷണം നടത്തി. ജെ.പി. ഇ.എച്ച്. എസ് ഹെഡ്മിസ്ട്രസ് സി.എസ്. വൃന്ദ, നെടുപുഴ പോലീസ് സ്റ്റേഷൻ എസ് ഐ കെ. ജി ജയനാരായണൻ, സി.പി.ഒ പി.യു അരുൺ ദാസ്, ജെ. പി.ഇ ട്രെയിനിങ്ങ് കോളേജ് പ്രിൻസിപ്പാൾ ഷൈനി ജോയ്, എച്ച് എസ് എസ് പ്രിൻസിപ്പാൾ ജിനി ജോസ്, പി. ടി.എ പ്രസിഡന്റ് അബ്ദുൾ കബീർ എന്നിവർ പങ്കെടുത്തു.
ഹൈടെക്കായി പഴയന്നൂർ കുടുബാരോഗ്യ കേന്ദ്രം: മന്ത്രി വീണാ ജോർജ് ഇന്ന് ഉദ്ഘാടനം ചെയ്യും( 01/08/2025)
പഴയന്നൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ നവീകരിച്ച എസി കോൺഫറൻസ് ഹാൾ, ഹൈടെക് ലാബ്, ഒ പി കാത്തിരുപ്പ് കേന്ദ്രം, പൊതുജനാരോഗ്യ കേന്ദ്രം യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഇന്ന്( 01/08/2025) രാവിലെ ഒമ്പത് മണിക്ക് നിർവഹിക്കും.
യു ആർ പ്രദീപ് എം എൽ എ അധ്യക്ഷനാകുന്ന ചടങ്ങിൽ കെ രാധാകൃഷ്ണൻ എം പി വിശിഷ്ടാതിഥിയാകും. ആർദ്രം മിഷൻ ലാബും
ഒ പി ബ്ലോക്കും ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെ 2022-23 വർഷത്തെ പദ്ധതി വിഹിതമായി ലഭിച്ച 40 ലക്ഷം രൂപ ഉപയോഗിച്ചാണ് പൂർത്തിയാക്കിയത്.
ഫുള്ളി ഓട്ടോമാറ്റിക് അനലൈസർ സംവിധാനം വഴി 60 ൽപരം പരിശോധനകൾ പുതിയ ലാബിൽ ഒരേ സമയം നടത്താൻ കഴിയും.
സംസ്ഥാന സർക്കാരിൻ്റെ 2021-22 വർഷത്തെ ആരോഗ്യ ഗ്രാൻ്റ് വഴി 22.4 ലക്ഷം രൂപ ചെലവിലാണ് ശീതികരിച്ച കോൺഫറൻസ് ഹാളിൻ്റെയും പബ്ലിക് ഹെൽത്ത് സെൻ്ററിൻ്റെയും നവീകരണം പൂർത്തിയാക്കിയത്. പത്ത് ലക്ഷം രൂപ ചെലവിൽ ആശുപത്രി പരിസര നവീകരണം, ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വഴി നിർമ്മിച്ച 15 ലക്ഷം രൂപയുടെ ജലസംഭരണി, സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ
എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നാളെ നിർവഹിക്കും. പ്രതിദിനം 450 മുതൽ 600 രോഗികൾ വരെ ഒ പി യും, 30 പേർക്ക് കിടത്തി ചികിൽസാ സംവിധാനവും ഉള്ള ആശുപത്രിയാണ് പഴയന്നൂർ
കുടുംബാരോഗ്യ കേന്ദ്രം.


